d

ന്യൂഡൽഹി : ഏഴാം വയസിലെ വാഹനാപകടത്തെത്തുടർന്ന് ബൗദ്ധിക വൈകല്യമുണ്ടായ പെൺകുട്ടിക്ക് 50.87 ലക്ഷം നഷ്‌ടപരിഹാരം വിധിച്ച് സുപ്രീംകോടതി. ഡൽഹിയിലെ നാഷണൽ ബാൽ ഭവന് സമീപത്തെ സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന കുട്ടിയെ അതിവേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ബൗദ്ധിക വൈകല്യവും നടക്കാൻ ബുദ്ധിമുട്ടുമുണ്ടായി. മോട്ടോർ വാഹനാപകടക്കേസുകൾ കൈകാര്യം ചെയ്യുന്ന ട്രൈബ്യൂണൽ 5.90 ലക്ഷമാണ് നഷ്‌ടപരിഹാരം അനുവദിച്ചത്. ഡൽഹി ഹൈക്കോടതി 11.51 ലക്ഷമാക്കി ഉയർത്തി. നഷ്‌ടപരിഹാര തുക അപര്യാപ്‌തമാണെന്ന് ചൂണ്ടിക്കാട്ടി തുടർന്ന് പെൺകുട്ടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ തലച്ചോറിന്റെ ഒരുഭാഗത്തെ പ്രവർത്തനം നിലച്ചെന്ന് അമ്മ കോടതിയെ അറിയിച്ചു. ഡോക്‌ടറുടെ മൊഴിയടക്കം പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നഷ്‌ടപരിഹാര തുക വർദ്ധിപ്പിച്ച് ഉത്തരവിടുകയായിരുന്നു.