
ന്യൂഡൽഹി: ഈ മാസം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, സ്ത്രീകൾക്ക് മാസം 2100 രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജനയുടെ കീഴിൽ 1000 രൂപ മാസംതോറും സ്ത്രീകൾക്ക് നൽകുന്ന പദ്ധതി ഇന്നലെ നിലവിൽ വന്നു. വീണ്ടും അധികാരത്തിലെത്തിയാൽ 2100 ആയി വർദ്ധിപ്പിക്കുമെന്നാണ് വാഗ്ദാനം. താൻ സൗജന്യങ്ങൾ നൽകുന്നുവെന്നാണ് ബി.ജെ.പിയുടെ പരാതി. എന്നാൽ, സ്ത്രീകളെ ആരാധിക്കുന്നയിടത്തു മാത്രമെ ദൈവം വസിക്കുകയുള്ളുവെന്ന് കേജ്‌രിവാൾ പറഞ്ഞു. സ്ത്രീ വോട്ടർമാരെ കേന്ദ്രീകരിച്ചള്ള പദ്ധതി തിരഞ്ഞെടുപ്പിൽ വൻ പ്രതിഫലനമുണ്ടാക്കുമെന്നാണ് ആംആദ്മി പാർട്ടിയുടെ കണക്കുകൂട്ടൽ.