ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണ പ്രശ്‌നങ്ങൾക്ക് ഒരാഴ്‌ചയ്‌ക്കകം പരിഹാരമുണ്ടാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുടെ ഉറപ്പ്. റോഡിന്റെ പ്രവൃത്തി ഇഴയുന്നത് തിരുവനന്തപുരം എംപി ശശി തരൂർ ലോക്‌സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു..
തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി പോർട്ട്‌സ് റോഡ് നിർമ്മിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീടവർ പിൻമാറി. അവരുമായി വീണ്ടും ചർച്ച നടത്തും. വിഴിഞ്ഞം റോഡിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുമായി അഞ്ചു തവണ ചർച്ച നടത്തി. തുറമുഖത്തിന് റോഡ് കണക്റ്റിവിറ്റി അനിവാര്യം. ഒരാഴ്ചയ്ക്കുള്ളിൽ വഴി കണ്ടെത്തും.
തുറമുഖം അടുത്ത മാസം കമ്മിഷൻ ചെയ്യാൻ പോകുകയാണെന്നും റോഡ് കണക്‌റ്റിവിറ്റി ഉറപ്പായിട്ടില്ലെന്നും തരൂർ ചൂണ്ടിക്കാട്ടിയിരുന്നു. തുറമുഖം പൂർത്തിയായാലും റോഡ് പൂർത്തിയാകുന്ന മട്ടില്ല. ദേശീയ പാതാ 66 -മായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ചരക്കു നീക്കത്തെ ബാധിക്കും. ഇക്കാര്യത്തിൽ ദേശീയ പാതാ അതോറിട്ടിയുടെ അടിയന്തര ഇടപെടൽ തരൂർ ആവശ്യപ്പെട്ടു.