d

ന്യൂഡൽഹി: ലോക്സഭയിൽ ബി.ജെ.പിയെ കടന്നാക്രമിച്ച് വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയുടെ കന്നിപ്രസംഗം. പൗരൻമാർക്ക് നീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ട ഭരണഘടനയുടെ സംരക്ഷണ കവചം തകർക്കാൻ പത്തു വർഷമായി ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു.

ചർച്ചയ്‌ക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും.

' ഇന്ത്യയുടെ ഭരണഘടന സംഘപരിവാർ ആശയങ്ങളുടേതല്ല. ഭരണഘടനയുടെ സുരക്ഷാ കവചവും,​ സംവരണവും തകർക്കാൻ ശ്രമിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നായിരുന്നെങ്കിൽ ഭരണഘടനയും മാറ്റുമായിരുന്നു. ജാതി സെൻസസിനായി പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ മംഗല്യ സൂത്രം മോഷ്‌ടിക്കുമെന്ന് പറഞ്ഞ് ജനത്തെ പേടിപ്പിച്ചു. ഭരണഘടനയെ വെല്ലുവിളിച്ചാണ് മഹാരാഷ്‌ട്രയിലും ഹിമാചലിലും ഗോവയിലും സർക്കാരുകളെ അട്ടിമറിച്ചത്. ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ പാലും വെള്ളവും വേർതിരിയും. വനിതാ സംവരണ ബിൽ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ്. അല്ലെങ്കിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല. ഇന്നത്തെ വനിതയ്‌ക്ക് 10 വർഷം കാത്തിരിക്കേണ്ടിവന്നതെന്തുകൊണ്ട്.

സംഭാലിലും മണിപ്പൂരിലും

സഭയിൽ പ്രധാനമന്ത്രി നെറ്റിയിൽ ഭരണഘടന വച്ച് വണങ്ങുന്നു. സംഭാലിലും ഹത്രസിലും മണിപ്പൂരിലും നീതിക്കുവേണ്ടിയുള്ള മുറവിളി ഉയരുമ്പോൾ നെറ്റിയിൽ ഒരു ചുളിവ് പോലുമില്ല. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നവർക്ക് ധൈര്യം നൽകുന്നത് ഭരണഘടനയാണ്.

ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേര് പുസ്‌തകങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും നീക്കാൻ ശ്രമിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വികസനത്തിനും അദ്ദേഹം വഹിച്ച പങ്ക് മായ്‌ക്കാനാവില്ല. ഭരണപക്ഷം വിലകുറച്ച് കാണുന്ന 70 വർഷങ്ങളിൽ ഭരണഘടന വെല്ലുവിളി നേരിട്ടിട്ടില്ല.

ഇപ്പോൾ മാദ്ധ്യമങ്ങളെയും പ്രതിപക്ഷത്തെയും മിണ്ടാൻ അനുവദിക്കുന്നില്ല. കേന്ദ്ര ഏജൻസികളെ വച്ച് ഭീഷണിപ്പെടുത്തുന്നു. ബ്രിട്ടീഷ് കാലം പോലെ ഭയത്തിന്റെ സാഹചര്യമാണ്. ഭയപ്പെടുത്തുന്നവർ ഭീരുക്കളാണ്.

ജനങ്ങളുടെ അഭിപ്രായമറിയാൻ വേഷം മാറി സഞ്ചരിച്ച രാജാവിന്റെ കഥ കേട്ടിട്ടുണ്ട്. ഇന്നത്തെ രാജാവ് പല വേഷമണിയാറുണ്ട്. എന്നാൽ ജനങ്ങൾക്കിടയിൽ ഇറങ്ങാൻ താത്പര്യമില്ല. 15 ദിവസം മുൻപ് മാത്രമാണ് താൻ സഭയിലെത്തിയത്. എന്നാൽ പ്രധാനമന്ത്രിയെ പത്ത് മിനിട്ടിൽ കൂടുതൽ കണ്ടിട്ടില്ല.

കോൺഗ്രസ് ചരിത്രത്തെ കുറ്റപ്പെടുത്തുന്നവർ വർത്തമാനകാലത്ത് എന്തു ചെയ്യുന്നു. എല്ലാ ഉത്തരവാദിത്വവും നെഹ്‌റുവിന്റേതാണോ. സ്വന്തം ഉത്തരവാദിത്വം നടപ്പാക്കുന്നുണ്ടോ. വൻകിട വ്യവസായികൾക്ക് വേണ്ടി കർഷകരുടെ നീതി നിഷേധിക്കപ്പെട്ടു. എല്ലാ കരാറുകളും ചുമതലകളും സർക്കാർ സ്ഥാപനങ്ങളും കൈമാറി. സർക്കാർ അദാനിയുടെ ഗുണത്തിനായി പ്രവർത്തിക്കുന്നു. ഒരാളെ രക്ഷിക്കാൻ 142 കോടി ജനങ്ങളെ അവഗണിക്കുന്നു. ധനികൻ കൂടുതൽ സമ്പന്നനാകുന്നു.