
ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി. ഹരിയാനയിലെ കോൺഗ്രസ് നേതാക്കളായ കരൺ സിംഗ് ദലാൽ, ലഖൻ കുമാർ സിംഗ്ല എന്നിവരാണ് കോടതിയെ സമീപിച്ചത്. വിഷയം ഏതു ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തീരുമാനിക്കും. ഇന്നലെ ജസ്റ്റിസുമാരായ വിക്രംനാഥും പ്രസന്ന ബി. വരാലെയും അടങ്ങിയ ബെഞ്ചിൽ ഹർജി ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും ഇടപെട്ടില്ല. വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട ഹർജികൾ നേരത്തെ പരിഗണിച്ചിരുന്നത് സഞ്ജീവ് ഖന്നയുടെ ബെഞ്ചാണ്. ഈസാഹചര്യത്തിൽ തുടർനടപടി എന്തുവേണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കട്ടെയെന്ന് രണ്ടംഗബെഞ്ച് വ്യക്തമാക്കി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയിച്ച് ബി.ജെ.പിയാണ് അധികാരത്തിലെത്തിയത്.