ന്യൂഡൽഹി: ദൈവത്തിന് ജാതിയില്ലെന്ന് സുപ്രീംകോടതിയുടെ ശ്രദ്ധേയ പരാമർശം. തിരുനാവായ വൈരംകോട് ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു.
ട്രസ്റ്റി നിയമനത്തിന് തന്ത്രിയുടെ അഭിപ്രായം മാത്രം കേട്ട് ജാതി പരിഗണിക്കുന്നത് പിന്നാക്ക വിഭാഗങ്ങൾക്ക് തിരിച്ചടിയാകുമെന്ന് വാദമുയർന്നപ്പോഴാണ് പരാമർശം. ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ്കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്രികളായി വിനോദ്കുമാർ, പ്രമോദ്, ദിലീപ്, ബാബു എന്നിവരെ മലബാർ ദേവസ്വം ബോർഡ് നിയമിച്ചിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കി. തുടർന്നാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്.
ട്രസ്റ്റികളിൽ ഒരാൾ പിന്നാക്ക വിഭാഗത്തിലുള്ളയാളും കള്ളുചെത്ത് തൊഴിലാളിയുമാണ്. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്നും പറഞ്ഞാണ് നിയമനത്തെ മേൽജാതിയിൽപ്പെട്ട എതിർകക്ഷികൾ എതിർക്കുന്നതെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ, നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല.