d

ന്യൂഡൽഹി: രാജ്യസഭയിൽ പോര് കടുക്കുന്നതിനിടെ വികാരാധീനനായി അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകർ. പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുമായുണ്ടായ വാക്പോരിനിടെ താൻ കർഷക പുത്രനാണെന്നും പ്രതിപക്ഷ നീക്കങ്ങളിൽ തളരില്ലെന്നും ധൻകർ പറഞ്ഞു.

ഖാർഗെ തന്നെയല്ല ഉന്നമിടുന്നത്. തന്റെ സമുദായത്തെയാണ്. അത് അങ്ങേയറ്റം വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അലഹബാദ് ഹൈക്കോടതി ജഡ്‌ജിയുടെ വിവാദ പ്രസംഗം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ നാല് അടിയന്തര പ്രമേയ നോട്ടീസുകൾ അദ്ധ്യക്ഷൻ തള്ളിയതോടെയാണ് ബഹളം തുടങ്ങിയത്. ഇതിനിടെ ബി.ജെ.പി അംഗം രാധാമോഹൻ ദാസ് അഗർവാൾ അദ്ധ്യക്ഷനെതിരെ അവിശ്വാസ പ്രമേയം നൽകിയതിൽ ക്രമപ്രശ്‌നം ഉന്നയിച്ചു. കർഷക പുത്രനായ ധൻകർ അദ്ധ്യക്ഷനായത് അംഗീകരിക്കാനാകാത്തതാണ് പ്രതിപക്ഷത്തിന്റെ പ്രശ്‌നമെന്ന് സഭാ നേതാവ് ജെ.പി. നദ്ദയും ചൂണ്ടിക്കാട്ടി.

ക്രമപ്രശ്‌നം ഉന്നയിക്കാൻ അവസരം നൽകിയ അദ്ധ്യക്ഷന്റേത് പക്ഷപാത സമീപനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിന് മറുപടി പറയവെയാണ് ധൻകർ വികാരാധീനനായത്.

പ്രമേയം കൊണ്ടുവരാൻ അവകാശമുണ്ടെങ്കിലും പ്രതിപക്ഷം ഭരണഘടനയെ അപമാനിക്കുന്നു. 24 മണിക്കൂറും തനിക്കെതിരെയാണ് നീക്കം- ധൻകർ പറഞ്ഞു. ധൻകർ- ഖാർഗെ വാക്‌പോരിനിടെ ഇരുപക്ഷത്തെയും എം.പിമാർ എഴുന്നേറ്റു നിന്ന് പരസ്‌പരം ആക്രോശിച്ചു. ബഹളം പാരമ്യത്തിലെത്തിയപ്പോൾ സഭാ നേതാവ് നദ്ദയോടും ഖാർഗെയോടും സമവായ ചർച്ചയ്‌ക്കായി തന്റെ ക്യാബിനിൽ വരാൻ ആവശ്യപ്പെട്ടു. എന്നാൽ ഖാർഗെ തയ്യാറായില്ല. തുടർന്ന് സഭ പിരിഞ്ഞു.

താനും കർഷകന്റെ

മകൻ : ഖാർഗെ

താൻ കർഷക തൊഴിലാളി പുത്രനാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും തിരിച്ചടിച്ചു. താൻ ദളിതനുമാണ്. അങ്ങയെക്കാൾ വെല്ലുവിളികൾ നേരിട്ടാണ് ഇവിടം വരെയെത്തിയത്. താങ്കൾ പ്രതിപക്ഷ പാർട്ടികളെ അവഗണിക്കുന്നു. കോൺഗ്രസിനെ അപമാനിക്കുന്നു. ഭരണപക്ഷ എം.പിമാരെക്കൊണ്ട് തങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുന്നു. ചർച്ചയ്‌ക്കാണെങ്കിൽ തയ്യാർ. പുകഴ്‌ത്തലുകളിൽ താത്‌പര്യമില്ല.

ഇംപീച്ച്മെന്റ് നോട്ടീസ്

വിവാദ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്‌ജി ശേഖർ കുമാർ യാദവിനെ ഇംപീച്ച്മെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 55 പ്രതിപക്ഷ എം.പിമാർ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ സെക്രട്ടേറിയറ്റിന് കൈമാറി. പ്രമേയം അംഗീകരിച്ച് രാഷ്ട്രപതിക്ക് കൈമാറണമെന്നും വിവാദ പ്രസംഗം അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യമുണ്ട്. കേരളത്തിൽ നിന്ന് ജോൺ ബ്രിട്ടാസ്, എ.എ. റഹീം, പ്രൊഫ. വി. ശിവദാസ്(സി.പി.എം), പി. സന്തോഷ് കുമാർ, പി.പി. സുനീർ(സി.പി.ഐ), ജോസ്.കെ.മാണി(കേരളാകോൺഗ്രസ്), ജെബി മേത്തർ(കോൺഗ്രസ്), ഹാരിസ് ബീരാൻ(മുസ്ളീം ലീഗ്) തുടങ്ങിയവർ പ്രമേയത്തിൽ ഒപ്പിട്ടു.