
ന്യൂഡൽഹി: ജനുവരിയിൽ 45 ദിവസം നീളുന്ന മഹാകുംഭമേളയ്ക്ക് ആതിഥ്യമരുളുന്ന ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ 5500 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 13 മുതൽ ഫെബ്രുവരി 26വരെയാണ് കുംഭമേള.
2025-ലെ മഹാകുംഭമേള ലക്ഷ്യമിട്ടുള്ള അടിസ്ഥാനവികസന സൗകര്യങ്ങൾ, കണക്റ്റിവിറ്റിക്കായി വിവിധ റെയിൽ, റോഡ് പദ്ധതികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഗംഗാ നദിയിലേക്കുള്ള മലിനജല പ്രവാഹം തടയാനും മാലിന്യ സംസ്കരണത്തിനുമുള്ള പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൂടാതെ ഭരദ്വാജ് ആശ്രമ ഇടനാഴി, ശൃംഗർപൂർ ധാം ഇടനാഴി, അക്ഷയ്വത് ഇടനാഴി, ഹനുമാൻ മന്ദിർ ഇടനാഴി എന്നിവ ഉൾപ്പെടുന്ന പ്രധാന ക്ഷേത്ര ഇടനാഴികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. മഹാകുംഭമേളയിൽ ഭക്തർക്ക് മാർഗനിർദേശങ്ങളും വിവരങ്ങളും ലഭ്യമാക്കാനുള്ള 'കുംഭ് സഹായക്' ചാറ്റ്ബോട്ട് സംവിധാനത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു.