ന്യൂഡൽഹി: സ്വന്തം താത്പര്യങ്ങൾക്കു വേണ്ടി ഭരണഘടന ഭേദഗതിചെയ്യുന്നത് കോൺഗ്രസിന്റെ പാരമ്പര്യമാണെന്നും അത് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തുടങ്ങിവച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ലോക് സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മോദി.
ഭരണഘടനയുടെ 75 വർഷത്തെ യാത്രയിൽ 55 വർഷവും രാജ്യം ഭരിച്ച കുടുംബത്തിന്റെ തെറ്റായ ചിന്തകളുടെയും മോശം നയങ്ങളുടെയും പാരമ്പര്യം തുടരുകയാണ്. ആറ് പതിറ്റാണ്ടിനിടെ 75 തവണ ഭരണഘടന ഭേദഗതി ചെയ്തു. നെഹ്‌റു പാകിയ വിത്ത് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പരിപാലിച്ചു.
ഭരണഘടന തടസ്സമായാൽ മാറ്റണമെന്ന് നെഹ്‌റു മുഖ്യമന്ത്രിമാർക്ക് കത്തെഴുതി.രാഷ്ട്രപതിയും സ്പീക്കറും നെഹ്‌റുവിനെ താക്കീത് ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഭരണഘടനയിൽ കൃത്രിമം കാണിക്കുന്നത് കോൺഗ്രസ് ശീലമാക്കി. കോൺഗ്രസിന് അധികാരം നഷ്‌ടപ്പെടുന്നതുവരെ ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം ലഭിച്ചില്ല. മറിച്ചായിരുന്നെങ്കിൽ ആ വിഭാഗങ്ങളിൽ നിന്നുള്ള നിരവധിപേർ ഉയർന്ന പദവികളിൽ എത്തുമായിരുന്നു.
ജുഡിഷ്യറിയെ നിയന്ത്രിക്കാനും അധികാരമുറപ്പിക്കാനും ഇന്ദിര ഭരണഘടനയിൽ മാറ്റം വരുത്തി. തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നതിൽ നിന്ന് ജുഡിഷ്യറിയെ തടയാനാണ് ഭരണഘടനയെ ദുരുപയോഗം ചെയ്‌ത് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടനയ്‌ക്ക് 25 വയസ്സ് തികഞ്ഞ അന്ന് അവകാശങ്ങൾ ഇല്ലാതാക്കി. പൗരാവകാശങ്ങൾ കൊള്ളയടിക്കപ്പെട്ടു. പത്രസ്വാതന്ത്ര്യം പൂട്ടി. ജനാധിപത്യം ചർച്ച ചെയ്യപ്പെടുമ്പോഴൊക്കെ അടിയന്തരാവസ്ഥയുടെ കറ കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ മായാതെ കാണാനാകും. മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച ഷാബാനു കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ രാജീവ് ഗാന്ധി ഭരണഘടനയുടെ ആത്മാവിനെ ബലികഴിച്ചെന്നും മോദി ആരോപിച്ചു.
യുവാക്കളുടെ പെരുവിരൽ
വെട്ടിയ ഭരണം: രാഹുൽ
ഭരണഘടന സംരക്ഷിക്കാനുള്ള ആദർശത്തിലുറച്ച് പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ യുദ്ധം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പറഞ്ഞു. ഗുരുദക്ഷിണയായി ഏകലവ്യന്റെ പെരുവിരൽ വെട്ടിയെടുത്ത ദ്രോണാചാര്യരെപ്പോലെ കേന്ദ്രസർക്കാർ യുവാക്കളുടെ അവസരം തട്ടിത്തെറിപ്പിക്കുകയാണ്.
അഗ്‌നിവീർ പദ്ധതി, ചോദ്യപേപ്പർ ചോർച്ച നടപ്പാക്കി അവസരങ്ങൾ നിഷേധിക്കുന്നു. ലാത്തിചാർജ്ജ് നടത്തി കർഷകരുടെ പെരുവിരൽ വിച്ഛേദിക്കുന്നു.
മുംബയിലെ ധാരാവി അദാനിക്ക് കൈമാറി ചെറുകിട സംരംഭകരെ ഇല്ലാതാക്കുന്നു. വിമാനത്താവളങ്ങളും തുറമുഖങ്ങളും പ്രതിരോധ മേഖലയും അദാനിക്ക് നൽകി വ്യവസായ മേഖലയിൽ സത്യസന്ധമായി പ്രവർത്തിക്കുന്നവരെ വെട്ടുന്നുവെന്നും കുറ്റപ്പെടുത്തി.
മനുസ്‌മൃതിയാണ് ബി.ജെ.പിയുടെ ഭരണഘടനയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വി.ഡി. സവാർക്കർ ഇന്ത്യൻ ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് പറഞ്ഞെന്നും ചൂണ്ടിക്കാട്ടി.ഇതോടെ, ബി.ജെ.പി അംഗങ്ങൾ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. സ്വാതന്ത്ര്യ സമരത്തിൽ മറ്റ് ഇന്ത്യക്കാർ ജയിലിൽ പോയപ്പോൾ ബ്രിട്ടീഷുകാരുമായി സന്ധിയുണ്ടാക്കിയ ആളാണ് സവാർക്കറെന്ന് ഇന്ദിരാഗാന്ധി പറഞ്ഞതായി രാഹുൽ വിശദീകരിച്ചു.