vkdkdkdkdkkd

ന്യൂഡൽഹി: ഭൂരിപക്ഷ സമുദായത്തിന്റെ ഇഷ്‌ടപ്രകാരമാകും രാജ്യം പ്രവർത്തിക്കുകയെന്ന വിവാദ പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്‌ജി ശേഖർ കുമാർ യാദവിന്റെ വിശദീകരണം നേരിട്ട് കേൾക്കാൻ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചതായി സൂചന.ജഡ്‌ജി നേരിട്ടെത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയെന്നാണ് അറിയുന്നത്.

നാളെയോ മറ്റന്നാളോ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ കൊളീജിയത്തിന് മുന്നിൽ, അടച്ചിട്ട മുറിയിൽ ഹൈക്കോടതി ജഡ്‌ജി വിശദീകരണം നൽകിയേക്കും. പ്രസംഗം പരിശോധിക്കാൻ സുപ്രീംകോടതി നേരത്തെ തീരുമാനിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയോട് വിശദാംശങ്ങളും തേടിയിരുന്നു. ഹൈക്കോടതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിളിച്ചുവരുത്തുന്നതെന്ന് അറിയുന്നു. ഡിസംബർ എട്ടിന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ജഡ്‌ജിയുടെ പരാമർശം. മുസ്ലീം സമുദായ അംഗങ്ങളെ അധിക്ഷേപിക്കുന്ന നിലയിലുള്ള മോശം വാക്ക് പ്രയോഗിച്ചെന്നും ആരോപണമുയർന്നിരുന്നു.

ഇംപീച്ച് ചെയ്യണമെന്ന്

ജഡ്‌ജിയെ ഇംപീച്ച് ചെയ്യണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. 55 എം.പിമാർ ഒപ്പിട്ട് സമർപ്പിച്ച ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭയുടെ പരിഗണനയിലാണ്.

ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ പിന്തുണച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. സത്യം പറയുന്നവരെ ഇംപീച്ച്മെന്റ് കാട്ടി ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതികരിച്ചു. ഭരണഘടനയെ കുറിച്ചു നിരന്തരം പറയുന്നവരുടെ ഇരട്ടമുഖമാണിതെന്നും വിമർശിച്ചു.