g

ന്യൂഡൽഹി : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കുന്നതിലെ വ്യവസ്ഥയിൽ ഒരു ഇളവും നൽകില്ലെന്ന് രാജ്യസഭയിൽ ഹാരിസ് ബീരാന് നൽകിയ മറുപടിയിൽ കേന്ദ്ര തുറമുഖ-ഷിപ്പിംഗ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.

വിഴിഞ്ഞത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ടായി 817.80 കോടി അനുവദിക്കാമെന്ന് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. 2034 മുതൽ തുറമുഖത്തുനിന്ന് സംസ്ഥാന സർക്കാരിന് ലഭിക്കുന്ന വരുമാനത്തിന്റെ 20% കേന്ദ്രത്തിന് കൈമാറണം. ഇതിൽ മാറ്റമില്ല. തുറമുഖവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമീകരണത്തിന്റെ ഭാഗമായി വരുമാന വിഹിതം കേന്ദ്രത്തിന് അടയ്‌ക്കണം. 80 ശതമാനം സംസ്ഥാന സർക്കാരിന് കൈവശം വയ്‌ക്കാം.

തൂത്തുക്കുടിയിലെ ഔട്ടർ ഹാർബർ കണ്ടെയ്‌നർ ടെർമിനൽ പദ്ധതി കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ വി.ഒ. ചിദംബരനാർ പോർട്ട് അതോറിട്ടിക്കായതിനാലാണ് വരുമാന വിഹിതം പങ്കിടൽ വ്യവസ്ഥ ബാധകമല്ലാത്തതെന്നും വ്യക്തമാക്കി. തമിഴ്നാടിന് കൊടുത്ത ഈ ആനുകൂല്യം കിട്ടണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

ആലോചിച്ച് ഉറപ്പിച്ച

തീരുമാനമെന്ന് മന്ത്രി

വരുമാനം പങ്കിടൽ വ്യവസ്ഥ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം വിലയിരുത്തിയശേഷമാണ് തീരുമാനമെന്ന് മറുപടിയിൽ പറയുന്നു. 2022 ജൂൺ 27നും 2024 ജൂലായ് 27നും ചേർന്ന എംപവേഡ് കമ്മിറ്റി ആവശ്യം തള്ളി. 2024 ഒക്ടോബറിൽ ആവശ്യം കേരളം ആവർത്തിച്ചപ്പോഴും പരിശോധിച്ചു. വയബിലിറ്റി ഗ്യാപ് ഫണ്ട് സഹായത്തിന് അന്തിമ അംഗീകാരം ലഭിക്കുന്നതിനുള്ള ഉപാധികളിലൊന്നാണ് 'വരുമാന വിഹിതം പങ്കിടൽ' . വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്തു നൽകിയിരുന്നു. സംസ്ഥാന സർക്കാരിന് 12,000 കോടിയിൽപ്പരം രൂപയുടെ സാമ്പത്തിക നഷ്‌ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കത്ത് ലഭിച്ചതായും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ മറുപടിയിൽ സ്ഥിരീകരിച്ചു.