s

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കുമെന്ന സൂചനകൾക്കിടെ, സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി ആംആദ്മി പാർട്ടി. നാലാമത്തെ സ്ഥാനാർത്ഥി പട്ടിക ഇന്നലെ പ്രഖ്യാപിച്ചു. പാർട്ടി ദേശീയ കൺവീനറും, മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ തന്റെ തട്ടകമായ ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും

2013ൽ അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ വീഴ്‌ത്തി കന്നിയങ്കം ജയിച്ച കേജ്‌രിവാളിന് പിന്നെ ഈ മണ്ഡലത്തിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാലാം തവണയാണ് ഇവിടെ മത്സരത്തിനിറങ്ങുന്നത്. ഡൽഹിയിലെ 70ൽ 38 മണ്ഡലങ്ങളിലെ പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അതിഷി കൽക്കാജി സീറ്റിൽ വീണ്ടും പോരാട്ടത്തിനിറങ്ങും. 17 സിറ്റിംഗ് എം.എൽ.എമാരെ ഒഴിവാക്കി. മുഴുവൻ മണ്ഡലങ്ങളിലും ആംആദ്മി-ബി.ജെ.പി-കോൺഗ്രസ് ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഫെബ്രുവരി 15ന് നിലവിലെ നിയമസഭയുടെ കാലാവധി തീരും. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ തിരഞ്ഞെടുപ്പ് നടന്നേക്കും.

രോഹിൻഗ്യയിൽ

തർക്കം

രോഹിൻഗ്യകളെയും ബംഗ്ലാദേശ് സ്വദേശികളെയും ആംആദ്മി പാർട്ടി ഇടപെട്ട് വ്യാപകമായി വോട്ടർപട്ടികയിൽ ചേർക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി അതിഷി. നിയമവിരുദ്ധ കുടിയേറ്റക്കാരെ ഡൽഹിയിലെ വിവിധയിടങ്ങളിൽ പാർപ്പിച്ചത് ബി.ജെ.പി സർക്കാരിന്റെ ബോധപൂർവ്വമായ തീരുമാനമാണെന്ന്, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ ​2022ലെ ട്വീറ്റുകൾ ചൂണ്ടിക്കാട്ടി അതിഷി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു.