
ന്യൂഡൽഹി: സാക്കിർ ഹുസൈൻ ജനിച്ച് രണ്ടാം ദിനം. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ച ചോരക്കുഞ്ഞിനെ പിതാവിന്റെ കൈകളിലേക്ക് കൊടുക്കുമ്പോൾ കുഞ്ഞിന്റെ കാതിൽ അവന് ഭാവിയിൽ വഴികാട്ടിയാകുന്ന പ്രാർത്ഥനാമന്ത്രം ഉരുവിടണം. അതാണ് നാട്ടുനടപ്പ്. പിതാവും തബല മാന്ത്രികനുമായ അല്ലാ രഖ മകനെ കൈകളിൽ വാങ്ങി വാത്സല്യത്തോടെ അവന്റെ കാതിൽ താളം ആലപിച്ചു. സാക്കിറിന്റെ അമ്മ അസ്വസ്ഥയായി. നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, ഇതാണ് മകന് നൽകാനുള്ള തന്റെ പ്രാർത്ഥനയെന്ന് ഭാര്യയോട് പറഞ്ഞു. ആ താളം സാക്കീറിൽ വളർന്നു. സമാനതകളില്ലാത്ത, ലോകത്തിന് നെറുകയിൽ നിൽക്കുന്ന ഇന്ത്യയുടെ രത്നമായി മാറി. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന്റെ മഹാ പാരമ്പര്യം തന്റെ മകനിലൂടെ നിലനിൽക്കണമെന്ന അല്ലാ രഖയുടെ ആഗ്രഹം സാദ്ധ്യമായി.
ഏഴാംവയസിൽ തബല പഠനം
പിതാവ് തബല പഠിപ്പിച്ചതിനെക്കുറിച്ച് സാക്കിർ ഹുസൈൻ പലപ്പോഴും വാചാലനായിട്ടുണ്ട്. പുലർച്ചെ 2.30നാണ് പഠനം തുടങ്ങുക. സംഗീത പാരമ്പര്യത്തെക്കുറിച്ചും കടന്നുപോയ മഹാ സംഗീതജ്ഞരെക്കുറിച്ചും പറഞ്ഞുകൊടുത്തു. നാലുവർഷം തുടർച്ചയായി പുലർച്ചെയായിരുന്നു പഠനം. രാവിലെ 6.30ന് മദ്രസയിൽ ഖുറാൻ പഠിക്കാൻ പോകണം. അതുകഴിഞ്ഞ് ക്രിസ്‌ത്യൻ മിഷണറിയുടെ സ്‌കൂളിലേക്ക്.
റോക്ക് താരമാകാനും
റോക്ക് സ്റ്റാറാകാൻ സാക്കിർ ഹുസൈൻ ആഗ്രഹിച്ചിരുന്നു. ബീറ്റിൽസ് ബാൻഡ് ട്രൂപ്പിനോട് തന്റെ സ്വപ്‌നം പങ്കുവയ്ക്കുകയും ചെയ്തു. തബല വിട്ട് ഡ്രമ്മിലേക്ക് മാറ്റി പിടിച്ചാലോ എന്നും ഒരുഘട്ടത്തിൽ ആലോചിച്ചിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.