a

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ പറഞ്ഞതെന്ന് കോൺഗ്രസ് അദ്ധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാറ്റു പറയണം. രാജ്യസഭയിൽ ഭരണഘടനാ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവരണം സംബന്ധിച്ച് നെഹ്‌റു സംസ്ഥാന സർക്കാരുകൾക്കെഴുതിയ ചരിത്രപരമായ കത്ത് മോദി വളച്ചൊടിച്ചു. സംവരണത്തിന് ഭരണഘടനാ ഭേദഗതി മാത്രമാണ് പരിഹാരമെന്ന സർദാർ പട്ടേലിന്റെ നിർദ്ദേശപ്രകാരമാണ് നെഹ്‌റു കത്തയച്ചത്. ഭരണഘടന നടപ്പാക്കിയ ദിവസം ഡൽഹി രാംലീല മൈതാനത്ത് അംബേദ്കർ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു എന്നിവരുടെ കോലം കത്തിച്ചവരാണ് ഇപ്പോൾ നെഹ്‌റു കുടുംബത്തെ അപമാനിക്കുന്നത്.

ആർ.എസ്.എസ് നേതാക്കൾ ഭരണഘടനാ വിരുദ്ധരായിരുന്നു. അംബേദ്‌കറിനെ അംഗീകരിച്ചിരുന്നില്ല. ഇന്ത്യൻ പതാകയേയും അശോകചക്രത്തേയും ഭരണഘടനയേയും വെറുത്തവരാണ്. 2002 ജനുവരി 26നാണ് ആർ.എസ്.എസ് ആസ്ഥാനത്ത് ആദ്യമായി ത്രിവർണ്ണ പതാക ഉയർത്തിയത്. സംവരണത്തിന് എതിരായതുകൊണ്ടാണ് ബി.ജെ.പി ജാതി സെൻസസിനെ അനുകൂലിക്കാത്തത്.

ഭരണഘടനയിൽ ഭേദഗതിയിലൂടെ കൊണ്ടുവന്ന സോഷ്യലിസം രാജ്യത്തിന് ഗുണം ചെയ്‌തില്ലെന്ന് ചർച്ചയ്‌ക്ക് തുടക്കമിട്ട ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. 1949-ൽ പ്രശസ്ത ഗാനരചയിതാവ് മജ്‌റൂഹ് സുൽത്താൻപുരി, നടൻ ബൽരാജ് സാഹ്‌നി എന്നിവരെ അറസ്റ്റ് ചെയ്തതും ഇന്ദിരാഗാന്ധിയെ വിമർശിച്ച 'കിസ്സ കുർസി കാ' എന്ന സിനിമ നിരോധിച്ചതും ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിച്ച നടപടികളാണെന്ന് അവർ ചൂണ്ടിക്കാട്ടി.

ഏകാധിപതിയാക്കാൻ ശ്രമം

ബി.ജെ.പിയിലെ 'മോദി ഭക്തി' ഏകാധിപത്യത്തിലേക്ക് നയിക്കുമെന്ന് ഖാർഗെ മുന്നറിയിപ്പ് നൽകി. മതഭക്തി ആത്മരക്ഷയിലേക്ക് നയിച്ചേക്കാം. എന്നാൽ രാഷ്ട്രീയത്തിൽ, അത് അധഃപതനത്തിലേക്കും ഒടുവിൽ സ്വേച്ഛാധിപത്യത്തിലേക്കും നയിക്കും. ബി.ജെ.പിക്കാർ ഭക്തി കാണിച്ച് മോദിയെ ഏകാധിപത്യത്തിലേക്ക് തള്ളിവിടുകയാണ്. ഭരണഘടനയിൽ വിശ്വസിക്കുന്ന ആരും ഏകാധിപത്യം അംഗീകരിക്കില്ല. പ്രതിപക്ഷ നേതാക്കളെ വശീകരിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ പാർട്ടിയെ ഒരു വലിയ വാഷിംഗ് മെഷീനാക്കി മാറ്റി. അന്വേഷണങ്ങൾ നേരിടുന്ന നേതാക്കളെ ശുദ്ധീകരിക്കുന്നു.