
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം രണ്ടു മണ്ഡലങ്ങളിൽ ജനവിധി തേടും. കരവാൾ നഗറിൽ അശോക് അഗർവാളും ബദർപൂരിൽ ജഗദീഷ് ചന്ദ് ശർമ്മയും പോരാട്ടത്തിനിറങ്ങും. ആംആദ്മി പാർട്ടിയുടെ ഭരണത്തെ കുറിച്ച് ജനങ്ങൾ വിലയിരുത്തേണ്ട സമയമാണിതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്‌സേന പറഞ്ഞു. തിരഞ്ഞെടുപ്പ് നേട്ടത്തിനായി വർഗീയ വേർതിരിവുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആർ.എസ്.എസ്-ബി.ജെ.പി തന്ത്രം തുറന്നു കാട്ടപ്പെടണം. ഡിസംബർ 19ന് പ്രകടനപത്രിക പുറത്തിറക്കും.
ആംആദ്മി 70 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസ് 21 സീറ്റുകളിലെ ആദ്യപട്ടിക പുറത്തിറക്കിയിരുന്നു. അതേസമയം, ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണയം നീളുകയാണ്. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ തിരഞ്ഞെടുപ്പ് നടന്നേക്കും.