
ന്യൂഡൽഹി : ഓർത്തഡോക്‌സ് - യാക്കോബായ സഭാതർക്കത്തിൽ വിശദമായി വാദം കേൾക്കാനും ഇടപെടാനും സുപ്രീം കോടതി. വിഷയത്തിൽ തീരുമാനമെടുക്കുന്നതു വരെ പള്ളികളുടെ ഭരണത്തിലെ തത് സ്ഥിതി തുടരണമെന്ന് ജസ്റ്രിസുമാരായ സൂര്യകാന്തും ഉജ്ജൽ ഭുയാനും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ഇരുസഭകളിലെയും വിശ്വാസികളുടെ എണ്ണമെടുത്ത് സംസ്ഥാന സർക്കാർ കോടതിക്ക് കൈമാറണം. സമവായമുണ്ടാക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ശ്രമമുണ്ടാകണം. സംഘർഷ സാദ്ധ്യതയുണ്ടായാൽ സർക്കാരിന് ഇടപെടാം. ഇരു സഭകൾക്കും തങ്ങളുടെ പാരിഷ് രജിസ്റ്രറുകൾ കോടതിയിൽ സമർപ്പിക്കാം. ജനുവരി 29, 30 തീയതികളിൽ വിശദമായി വാദം കേൾക്കും.
തർക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികൾ ഏറ്റെടുക്കാൻ അതാത് ജില്ലാ കളക്‌ടർമാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും തുടക്കം കുറിച്ചു. ഇതിനെതിരെ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജി ഉൾപ്പെടെ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
സർക്കാർ കൈമാറേണ്ടത്
1. ഇരു വിഭാഗത്തിലെയും വിശ്വാസികളുടെ ഗ്രാമപഞ്ചായത്ത് മേഖല അടിസ്ഥാനമാക്കിയുള്ള കണക്ക്
2. രണ്ട് വിഭാഗങ്ങൾക്കും സ്വാധീനമുള്ള പള്ളികളുടെ പട്ടിക
3. ഭരണത്തർക്കമുള്ള പള്ളികളുടെ പട്ടിക
4. തർക്കത്തിലുള്ള പള്ളികൾ ആരുടെ ഭരണത്തിൽ ?
സെമിത്തേരി തർക്കവും
എറണാകുളം - പാലക്കാട് ജില്ലകളിലെ ആറു പള്ളികളിലെ ഭരണം യാക്കോബായ വിഭാഗം ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഡിസംബർ മൂന്നിന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഉത്തരവ് യാക്കോബായ വിഭാഗം പാലിച്ചില്ലെന്ന് ഓർത്തഡോക്‌സ് വിഭാഗം ഇന്നലെ പരാതിപ്പെട്ടു. തത് സ്ഥിതി ആറു പള്ളികൾക്ക് മാത്രമാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കോടതി അംഗീകരിച്ചില്ല. യാക്കോബായ വൈദികരെ സെമിത്തേരിയിൽ ചടങ്ങുകൾ നടത്താൻ അനുവദിച്ചാൽ സംഘർഷത്തിന് കാരണമാകുമെന്ന് ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇക്കാര്യം യാക്കോബായ വിഭാഗം ചൂണ്ടിക്കാട്ടി. ചടങ്ങുകൾ പുറത്ത് നടത്തിയാൽ ശവസംസ്‌കാരത്തിന് സെമിത്തേരി വിട്ടുകൊടുക്കാമെന്ന് ഓർത്തഡോക്‌സ് വിഭാഗം നിലപാടെടുത്തു. ഇതോടെ, വിശദമായ വാദം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.