ന്യൂഡൽഹി :മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ഓൺലൈനിലാക്കുന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ അടുത്ത വർഷം മുതൽ നടപ്പക്കാനാണ് ശ്രമം.

എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ, സിദ്ധ, യുനാനി അണ്ടർ ഗ്രാജ്വേറ്റ് കോഴ്സ് പ്രവേശനത്തിനായി നടത്തുന്നതാണിത്.

ആരോഗ്യമന്ത്രാലയമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ

ഐ.എസ്.ആർ.ഒ മുൻ ചെയർമാനും മലയാളിയുമായ ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ദ്ധ സമിതിയെ റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിരുന്നു.101 ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിനും സുപ്രീംകോടതിക്കും കൈമാറിയിട്ടുണ്ട്.

അടുത്ത കൊല്ലത്തെ പരീക്ഷയിൽ ശുപാർശകൾ നടപ്പാക്കും. പരീക്ഷാനടത്തിപ്പിനുള്ള പ്രോട്ടോകോൾ ഉടനിറക്കും.

എൻ.ടി.എയുടെ ചുമതല

പ്രവേശന പരീക്ഷ മാത്രം


2025 മുതൽ നീറ്റ്, ജെ.ഇ.ഇ ,കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.ഇ.യു.ടി )​ എന്നിവ മാത്രമേ എൻ.ടി.എ നടത്തുകയുള്ളൂ. റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തില്ല. പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചും, കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചും എൻ.ടി.എ പുനഃസംഘടിപ്പിക്കും.

ഡോ.രാധാകൃഷ്ണൻ

സമിതിയുടെ ശുപാർശ

1. കമ്പ്യൂട്ടർ കേന്ദ്രീകൃത പരീക്ഷയാകാം

2. സുരക്ഷ ഉറപ്പാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോമെട്രിക് ടെക്നോളജി

3. ക്രമക്കേടുകൾ തടയാൻ ശക്തമായ മാർഗരേഖ

4. പരീക്ഷാനടത്തിപ്പിൽ പരിശീലനം

5. വിദ്യാർത്ഥികളുടെ പരീക്ഷാ സമ്മർദ്ദം കുറയ്‌ക്കാൻ നടപടി

6. വിദ്യാർത്ഥികളുടെ ആശങ്കകൾ ദൂരീകരിക്കാൻ പ്രത്യേക സെൽ

7. ചോദ്യപേപ്പർ സുരക്ഷിതമാക്കാൻ സൈബർ സെക്യൂരിറ്റി

8. കോച്ചിംഗ് സെന്ററുകൾ കച്ചവട കേന്ദ്രങ്ങളാകുന്നത് തടയണം

9. പ്രവേശന പരീക്ഷ ജനുവരിയിലോ, ഫെബ്രുവരിയിലോ നടത്തണം. പലതവണയായി നടത്താം

ചോദ്യപേപ്പ‌‌ർ

ചോർച്ച തടയാൻ

പെൻ ആൻഡ് പേപ്പർ ഓഫ്‌ലൈൻ മോഡിലാണ് പരീക്ഷ നടത്തുന്നതെങ്കിൽ ഔട്ട് സോഴ്സിംഗ്, കരാർ സേവനങ്ങൾ പരിമിതപ്പെടുത്തണം. സുരക്ഷയ്‌ക്ക് ഹൈബ്രിഡ് പ്രോസസ് വേണം. ചോദ്യപേപ്പർ പരീക്ഷാകേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന സെർവറുകളിലേക്ക് അയക്കണം. ഹൈസ്‌പീഡ് പ്രിന്ററുകൾ ഉപയോഗിച്ച് പരീക്ഷാകേന്ദ്രങ്ങളിലായിരിക്കണം പ്രിന്റിംഗ് നടത്തുന്നത്. കേന്ദ്രീയ-ജവഹർ നവോദയ വിദ്യാലയങ്ങൾ പരീക്ഷാകേന്ദ്രമാക്കണം. പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം കൂട്ടണം.

സിലബസ്

പ്രസിദ്ധീകരിച്ചു

2025ലെ നീറ്റ് യു.ജി പരീക്ഷയുടെ സിലബസ് നാഷണൽ മെഡിക്കൽ കമ്മിഷൻ പുറത്തു വിട്ടു. nmc.org.in ൽ ലഭ്യമാണ്.