
ന്യൂഡൽഹി: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ വ്യവസ്ഥ ചെയ്യുന്ന ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ബിൽ (129-ാം ഭരണഘടനാ ഭേദഗതി) ലോക്സഭയിൽ അവതരിപ്പിച്ചു. ഫെഡറൽ സംവിധാനം തകരുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തതിനാൽ വോട്ടെടുപ്പ് വേണ്ടിവന്നു. ( 269-198). സമവായമുണ്ടാക്കാൻ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാമെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.
മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാനാകൂ. എൻ.ഡി.എയ്ക്ക് ലോക്സഭയിൽ 293 അംഗങ്ങളും ഇന്ത്യ മുന്നണിക്ക് 234 പേരുമാണ്. 543 അംഗ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 362 വോട്ടു വേണം. വൈ.എസ്.ആർ കോൺഗ്രസ് (4), അകാലിദൾ(1) എന്നിവ പിന്തുണയ്ക്കുമെങ്കിലും കാര്യമില്ല. പ്രതിപക്ഷവുമായി സമവായമുണ്ടാക്കിയാലേ പാസാവൂ.
ഡൽഹി, ജമ്മു കാശ്‌മീർ, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങളിൽ നടപ്പാക്കാനുള്ള ഭേദഗതി ബില്ലും അവതരിപ്പിച്ചു. ബിൽ അവതരണത്തിന് സ്‌പീക്കർ ഓം ബിർള മന്ത്രി മേഘ്‌വാളിനെ ക്ഷണിച്ചതോടെ പ്രതിപക്ഷം എതിർത്തു. ചർച്ചയ്ക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്.
20 ബി.ജെ.പി അംഗങ്ങൾ സഭയിലുണ്ടായിരുന്നില്ല. ഇവർക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി. സഖ്യകക്ഷിയായ ടി.ഡി.പിയും ശിവസേനയും (ഷിൻഡെ) പിന്തുണച്ചു.
പുതിയ മന്ദിരത്തിലെ ഇലക്‌ട്രോണിക് വോട്ടിംഗ് സംവിധാനം ഉപയോഗിച്ചുള്ള ആദ്യ വോട്ടെടുപ്പ് പിഴച്ചു. ചിലർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിയാതായി. തുടർന്ന് സ്ളിപ്പ് വോട്ടിംഗാണ് നടത്തിയത്.
129-ാം ഭരണഘടനാ ഭേദഗതി
# ആർട്ടിക്കിൾ 82 എ (ഏഴ് ഉപവകുപ്പുകളും ) പുതുതായി ചേർക്കുന്നു
# ആർട്ടിക്കിൾ 83ൽ (പാർലമെന്റിന്റെ കാലാവധി) നാല് ഉപവകുപ്പുകൾ
# ആർട്ടിക്കിൾ 172ൽ (നിയമസഭകളുടെ കാലാവധി) നാലു മാറ്റങ്ങൾ
# ആർട്ടിക്കിൾ 327ൽ മണ്ഡല പുനർനിർണയം എന്നതിനൊപ്പം 'ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തൽ' എന്ന വാചകവും
പിരിച്ചുവിട്ടാൽ ഇടക്കാല സഭ
ആർട്ടിക്കിൾ 83, 172 ഭേദഗതി: അഞ്ചു വർഷം തികയുംമുൻപ് ലോക്‌സഭയോ നിയമസഭകളോ പിരിച്ചുവിട്ടാൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താം. ശേഷിക്കുന്ന കാലയളവിലേക്ക് മാത്രമാവും പുതിയ സഭ.
പാസായാൽ നടപ്പാവുക 2034ൽ
പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് പാർലമെന്റിന്റെ ആദ്യ സെഷൻ നടക്കുമ്പോൾ ഒന്നിച്ചുള്ള തിരഞ്ഞെടുപ്പിന് രാഷ്‌ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് 82എ(1) വകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ആ വിജ്ഞാപനത്തിന് 2029ലെ പൊതുതിരഞ്ഞെടുപ്പുവരെ കാത്തിരിക്കണം.2034ലെ തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താം.
ലക്ഷ്യം തിരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കൽ. ഭരണഘടനയ്ക്ക് ഒരു കോട്ടവും സംഭവിക്കില്ല
- അർജുൻ മേഘ്‌വാൾ, നിയമ മന്ത്രി
ഫെഡറലിസവും ജനാധിപത്യത്തിന്റെ ഘടനയും മാറ്റുന്ന ഭേദഗതി അനുവദിക്കാനാകില്ല
- മനീഷ് തിവാരി, കോൺഗ്രസ് അംഗം
ഭരണഘടനാ ഭേദഗതി പാസാക്കാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ല. എഴുപതോളം വോട്ടിന്റെ കുറവുണ്ട്.
- പി.ഡി.ടി ആചാരി, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ