ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ബിൽ അവതരണ ചർച്ചയ്‌ക്ക് ലോക്സഭയിൽ തുടക്കമിട്ടത് കോൺഗ്രസിലെ മനീഷ് തിവാരിയാണ്. ഫെഡറലിസത്തെ തകർക്കാൻ അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കാലാവധി തീരുന്ന നിയമസഭകളിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ബില്ലിൽ വ്യക്തമായ വ്യവസ്ഥകളില്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ (ആർ.എസ്.പി) ചൂണ്ടിക്കാട്ടി. ബിൽ നിയമം ആയാൽ 17 നിയമസഭകളുടെ കാലാവധി പൂർത്തീകരിക്കാനാകില്ല.
അഞ്ച് വർഷത്തേക്ക് സംസ്ഥാന സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള വോട്ടർമാരുടെ അവകാശം തള്ളാനാകില്ലെന്ന് ടി.ആർ. ബാലു(ഡി.എം.കെ) പറഞ്ഞു. ബിൽ ഭരണഘടനയുടെ ആത്മാവിനെ തകർക്കുന്നതാണെന്ന് ധർമേന്ദ്ര യാദവ് (എസ്.പി) വിമർശിച്ചു. കല്യാൺ ബാനർജി(തൃണമൂൽ), ഇ.ടി.മുഹമ്മദ് ബഷീർ(മുസ്ളീം ലീഗ്) തുടങ്ങിയവരും സംസാരിച്ചു.
അതേസമയം, ഭരണഘടനയെ സംരക്ഷിക്കുന്ന ബില്ലാണെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ബിൽ മന്ത്രിസഭ പരിഗണിച്ചപ്പോൾ ജെ.പി.സിക്ക് അയയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിരുന്നെന്നും സഭയെ അറിയിച്ചു.
ഭൂരിപക്ഷമില്ലെന്ന് തെളിഞ്ഞു: ശശി തരൂർ
ഭരണഘടനാ ഭേദഗതിക്ക് ബി.ജെ.പിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടില്ലെന്ന് ഇന്നലത്തെ വോട്ടെടുപ്പ് തന്നെ തെളിയിച്ചതായി ശശി തരൂർ പറഞ്ഞു. ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിനെ മറ്റൊരാളുടെ താത്പര്യത്തിനായി എന്തിന് വെട്ടിച്ചുരുക്കണം. പാർലമെന്ററി സംവിധാനത്തിൽ സംസ്ഥാന സഭകളുടെ സാഹചര്യങ്ങൾ വ്യത്യസ്‌തമാണ്. ഭാവിയിൽ കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ സർക്കാരിന് ഭൂരിപക്ഷം നഷ്‌ടമായാൽ ഒറ്റ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം നഷ്‌ടമാകുമെന്നതിനാൽ നീക്കം വിഡ്ഢിത്തമാണ്.
ബില്ലിലെ മറ്റ് ഭേദഗതികൾ
നിയമസഭകളുടെ കാലാവധി ലോക്‌സഭയ്ക്കൊപ്പമാക്കൽ: 82എ(2), പ്രത്യേക കാരണങ്ങളാൽ അഞ്ചു വർഷ കാലാവധിക്ക് മുൻപേ ലോക്‌സഭ -നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തൽ: 82എ(3), ഒന്നിച്ചുള്ള തിരഞ്ഞടുപ്പിന്റെ നിർവചനം: 82എ(4), ഒന്നിച്ചു നടത്താൻ ബുദ്ധിമുട്ടുള്ള നിയമസഭകളിൽ രാഷ്‌ട്രപതിയുടെ അനുമതിയോടെ പ്രത്യേകം തിരഞ്ഞെടുപ്പ് : 82എ(5), പ്രത്യേക തിരഞ്ഞെടുപ്പ് നടത്തിയാലും കാലാവധി ലോക്‌സഭയ്‌ക്കൊപ്പം :82എ(6), നിയമസഭകളിലെ പ്രത്യേക തിരഞ്ഞെടുപ്പിന് ശേഷം നിലവിൽ വരുന്ന നിയമസഭകളുടെ കാലാവധി കമ്മിഷൻ പ്രഖ്യാപിക്കൽ: 82എ(7).