
ന്യൂഡൽഹി: ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആരോപണത്തിന് തുടർച്ചായായി രാജ്യസഭയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിനെ എതിർക്കുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് തോൽവി ഒഴിവാക്കാൻ പല തവണ ഭരണഘടന ഭേദഗതി ചെയ്‌തവരാണെന്ന് ഷാ പറഞ്ഞു. ഭരണഘടനാ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തോൽവി ഭയന്നാണ് ഭേദഗതികൾ നടത്തുന്നതും വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്നതും. കോൺഗ്രസാണ് രാജ്യസഭയുടെ കാലാവധി അഞ്ചിൽ നിന്ന് ആറാക്കിയത്. ഉള്ള് പൊള്ളയായ ഭരണഘടനയാണ് രാഹുൽ ഗാന്ധി കൊണ്ടുനടക്കുന്നതെന്നും ഷാ പരിഹസിച്ചു.
നല്ല ഭരണഘടനയാണെങ്കിലും ഭരിക്കുന്നവർക്ക് കഴിവില്ലെങ്കിൽ ദോഷം ചെയ്യുമെന്ന് അംബേദ്‌കർ പറഞ്ഞിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലക്കിട്ടാണ് പൊതുതിരഞ്ഞെടുപ്പിന് മുൻപേ ആദ്യ ഭേദഗതി കൊണ്ടുവന്നത്. 1971ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 24-ാം ഭേദഗതി നടത്തിയത് മൗലികാവകാശം നിയന്ത്രിക്കാനായിരുന്നു.
മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിനെ എതിർത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒ.ബി.സിക്ക് സംവരണം നൽകിയാൽ യോഗ്യതയുള്ളവരെ ലഭിക്കില്ലെന്ന് പറഞ്ഞു. ഇപ്പോൾ മുസ്ളിം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് 50 ശതമാനം സംവരണ പരിധി മാറ്റണമെന്നാണ് ആവശ്യം. സ്‌ത്രീ സ്വാതന്ത്ര്യത്തിനായി വാദിച്ചതിനാൽ ഇപ്പോൾ കേരള ഗവർണർ ആയ ആരിഫ് മുഹമ്മദ് ഖാനെ കോൺഗ്രസ് പുറത്താക്കിയെന്നും ഷബാനു കേസ് പരാമർശിച്ച് പറഞ്ഞു. നെഹ്‌റുവാണ് മുസ്ളിം വ്യക്തി നിയമം കൊണ്ടുവന്നത്. എന്നാൽ ഏക സിവിൽ കോഡിനെ കോൺഗ്രസ് എതിർക്കുന്നു.
16 വർഷത്തിൽ 22
ഭേദഗതികൾ
മോദി സർക്കാർ രാജ്യത്ത് ജി.എസ്.ടി അടക്കം പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഭേദഗതികളാണ് കൊണ്ടുവന്നത്. ബി.ജെ.പി 16 വർഷത്തിൽ 22 ഭേദഗതികൾ വരുത്തി. ബ്രിട്ടീഷ് രാഞ്ജിയുടെ വാച്ച് നോക്കി കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിക്കുന്ന രീതി അവസാനിപ്പിച്ചത് ബി.ജെ.പിയാണ്. ഭാരതം എന്ന് പേരിടണമെന്ന സേഠ് ഗോവിന്ദ ദാസിന്റെ നിർദ്ദേശം തള്ളി ബ്രിട്ടീഷുകാരുടെ അഭിപ്രായം മാനിച്ചാണ് നെഹ‌്റു ഇന്ത്യ എന്ന പേര് തീരുമാനിച്ചത്. അതേ മനസാണ് മുന്നണിയുടെ പേരിലും പ്രതിഫലിച്ചത്. 'ഇന്ത്യ' എന്ന ലെൻസിലൂടെ നോക്കിയാൽ ഭാരതത്തെ അറിയാൻ കഴിയില്ല.
കേരളത്തിൽ നിന്ന് ജോൺ ബ്രിട്ടാസ്, ജോസ്.കെ. മാണി, അബ്‌ദുൾ വഹാബ്, ഹാരിസ് ബീരാൻ(മുസ്ളീം ലീഗ്) തുടങ്ങിയവർ സംസാരിച്ചു. ജനാധിപത്യ സങ്കല്പത്തെ ചുരുക്കം ചിലരിലേക്ക് ഒതുക്കിയവരാണ് ബി.ജെ.പിയെന്ന് ജോസ് കെ മാണി ആരോപിച്ചു. സംസ്ഥാനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിനെ അമിതമായി ആശ്രയിക്കേണ്ടി വരുന്നു. രാജ്യത്തെ അവസ്ഥ നോക്കുമ്പോൾ തന്റെ ചെറുമകൾ സാറയെപ്പോലുള്ള ഇന്ത്യൻ മുസ്ലീങ്ങളുടെ ഭാവിയിൽ ആശങ്കയുണ്ടെന്ന് അബ്‌ദുൾ വഹാബ് പറഞ്ഞു.