ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ (പി.ഒ.സി) പദവി അടക്കം ആവശ്യപ്പെട്ട് ഡൽഹി ജന്ദർമന്ദറിൽ ധർണ. കണ്ണൂരിൽ നിന്നുള്ള ആദ്യ രാജ്യാന്തര വിമാനത്തിലെ യാത്രക്കാരുടെ കൂട്ടായ്‌മയായ ടീം ഹിസ്റ്റോറിക്കൽ ഫ്ളൈറ്റ് ജർണി എന്ന സംഘടനയാണ് ധർണ്ണ നടത്തിയത്.
ആറുവർഷം മുമ്പ് നാല് വിമാനക്കമ്പനികൾ സർവീസ് നടത്തിയ വിമാനത്താവളത്തിൽ ഇപ്പോൾ രണ്ടു കമ്പനികളായി ചുരുങ്ങിയെന്ന് സംഘടനയുടെ പ്രസിഡന്റ് അബ്‌ദുൾ ലത്തീഫ്, സെക്രട്ടറി ജയദേവൻ മാൽഗുരി, രക്ഷാധികാരികളായ സദാനന്ദൻ, മധുകുമാർ, ഷംസീർ തുടങ്ങിയവർ പറഞ്ഞു. പി.ഒ.സി പദവി ഇല്ലാത്തതും കൂടിയ ടിക്കറ്റ് നിരക്കും കാരണം യാത്രക്കാർ മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കുന്നു. അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ നിന്നുള്ള എംപിമാർക്കും വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവിനും സംഘടന നിവേദനം നൽകി.