
ന്യൂഡൽഹി: മഹാത്മാ ഗാന്ധി അധ്യക്ഷത വഹിച്ച 1924ലെ എ.ഐ.സി.സി 39-ാം സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുന്ധിച്ച് കർണാടകയിലെ ബെൽഗാമിൽ നടത്തുന്ന പ്രത്യേക പ്രവർത്തക സമിതി യോഗത്തിനുള്ള ഒരുക്കങ്ങൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ വിലയിരുത്തി. ഡിസംബർ 26ന് ബെലഗാമിൽ പ്രവർത്തക സമിതി യോഗത്തിനൊപ്പം 27ന് റാലിയുമുണ്ടാകും.
കർണാടക ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, എ.ഐ.സി.സി ട്രഷറർ അജയ് മാക്കൻ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
വൈകുന്നേരം 3ന് ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ പ്രവർത്തക സമിതി അംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ, പി.സി.സി അധ്യക്ഷൻമാർ, നിയമസഭാ കക്ഷി നേതാക്കൾ, പാർലമെന്ററി പാർട്ടി ഭാരവാഹികൾ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. ദേശീയ രാഷ്ട്രീയത്തിനും കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾക്കും വഴിത്തിരിവ് നൽകുന്ന യോഗമായിരിക്കുമെന്ന് വേണുഗോപാൽ പറഞ്ഞു.