
ന്യൂഡൽഹി : ഭൂരിപക്ഷ സമുദായത്തിന്റെ ഇഷ്‌ടപ്രകാരമാകും രാജ്യം പ്രവർത്തിക്കുകയെന്ന് വിവാദ പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി സിറ്രിംഗ് ജഡ്‌ജി ശേഖർ കുമാർ യാദവ് ഇന്നലെ സുപ്രീംകോടതി കൊളീജിയത്തിന് മുന്നിൽ ഹാജരായി വിശദീകരണം നൽകി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ കൊളീജിയത്തിന് മുന്നിലാണ് തന്റെ ഭാഗം വിശദീകരിച്ചത്. അലഹബാദ് ഹൈക്കോടതിയിൽ നിന്ന് റിപ്പോർട്ട് വാങ്ങി പരിശോധിച്ച ശേഷമാണ്, സ്വാഭാവിക നീതിയെന്ന നിലയിൽ ജഡ്‌ജിയെ വിളിച്ചുവരുത്തി കേട്ടത്. കൊളീജിയത്തിന്റെ തുടർനടപടി ഉടനുണ്ടാകുമെന്നാണ് സൂചന.
ഡിസംബർ എട്ടിന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ജഡ്‌ജിയുടെ വിവാദ പരാമർശം. മുസ്ലീം സമുദായ അംഗങ്ങളെ അധിക്ഷേപിക്കുന്ന നിലയിലുള്ള മോശം വാക്ക് പ്രയോഗിച്ചെന്നും ആരോപണമുയർന്നിരുന്നു. ജഡ്‌ജിയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 55 പ്രതിപക്ഷ എം.പിമാർ ഒപ്പിട്ട് സമർപ്പിച്ച ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭയുടെ പരിഗണനയിലാണ്. അതേസമയം, ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ പിന്തുണച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. സത്യം പറയുന്നവരെ ഇംപീച്ച്മെന്റ് കാട്ടി ഭീഷണിപ്പെടുത്തുകയാണെന്നും പ്രതികരിച്ചു.