
ന്യൂഡൽഹി : എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുള്ള പാർട്ടി തീരുമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടപടിയെടുക്കാത്തതിൽ സി.പി.എം കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ടിനെ അതൃപ്‌തി അറിയിച്ച് എൻ.സി.പി നേതൃത്വം. ഇന്നലെ എൻ.സി.പി നേതാവ് ശരദ് പവാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ച് സംസ്ഥാന അദ്ധ്യക്ഷൻ പി.സി.ചാക്കോയും തോമസ് കെ.തോമസും കാര്യങ്ങൾ വിശദീകരിച്ചു. ആവശ്യങ്ങൾ അറിയിച്ചുള്ള കത്തും കൈമാറി.
ചർച്ചയിൽ പിന്നീട് പങ്കു ചേർന്ന കാരാട്ടിനോട് പി.സി. ചാക്കോ പാർട്ടി തീരുമാനം അറിയിച്ചു. മുന്നണി സംവിധാനത്തിൽ മന്ത്രിയെ നിശ്ചയിക്കുന്നത് അതാത് പാർട്ടികളാണ്. എന്നാൽ, തോമസ് കെ.തോമസിന്റെ കാര്യത്തിൽ പാർട്ടി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയിൽ നിന്ന് നടപടിയുണ്ടാകാത്തതിലെ അതൃപ്‌തി പി.സി.ചാക്കോ കാരാട്ടിനെ അറിയിച്ചെന്നാണ് സൂചന.
ശുഭപ്രതീക്ഷയുണ്ടെന്നാണ് ചർച്ചകൾക്ക് ശേഷം തോമസ് കെ.തോമസ് പ്രതികരിച്ചത്. മന്ത്രിയാകാൻ ആഗ്രഹമുണ്ട്. പാർട്ടിയുടെ തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകുമെന്നാണ് ശശീന്ദ്രൻ പറഞ്ഞിട്ടുള്ളത്. ശശീന്ദ്രൻ തുടരാൻ പാർട്ടി തീരുമാനിച്ചാൽ താൻ അംഗീകരിക്കും. ശശീന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.