kol

ന്യൂഡൽഹി: വിവാദ പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി സിറ്രിംഗ് ജഡ്‌ജി ശേഖർ കുമാർ യാദവിനെ താക്കീത് ചെയ്‌ത് സുപ്രീംകോടതി കൊളീജിയം. ചൊവ്വാഴ്ച നേരിട്ട് ഹാജരായ ജഡ്‌ജിയെ ശകാരിച്ചു. മേലാൽ ഇത്തരം പ്രവൃത്തികളുണ്ടാകരുതെന്ന് മുന്നറിയിപ്പ് നൽകി. ഭരണഘടനാ പദവിയാണ് വഹിക്കുന്നത്. അതിന്റെ അന്തസ് കാത്തുസൂക്ഷിക്കണം. പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നു. ജഡ്‌ജിമാർ നിരന്തരം സൂക്ഷ്മപരിശോധനയ്‌ക്ക് വിധേയമാകുന്നവരാണ്. അതിനാൽ പൊതു പരിപാടികളിൽ പ്രസംഗിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ അഞ്ചംഗ കൊളീജിയം ജഡ്‌ജിയെ ഉപദേശിച്ചു. കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കണമോയെന്നത് കൊളീജിയം ആലോചിച്ചു തീരുമാനിച്ചേക്കും.

ഡിസംബർ എട്ടിന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവം. ഭൂരിപക്ഷ സമുദായത്തിന്റെ ഇഷ്‌ടപ്രകാരമാകും രാജ്യം പ്രവർത്തിക്കുകയെന്നായിരുന്നു വിവാദ പരാമർശം. മുസ്ലിം സമുദായാംഗങ്ങളെ അധിക്ഷേപിക്കുന്ന നിലയിലുള്ള മോശം വാക്ക് പ്രയോഗിച്ചെന്നും ആരോപണമുയർന്നു. ജഡ്‌ജിയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 55 പ്രതിപക്ഷ എം.പിമാർ ഒപ്പിട്ട് സമർപ്പിച്ച ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭയുടെ പരിഗണനയിലാണ്. അതിനിടെ, ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ പിന്തുണച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. സത്യം പറയുന്നവരെ ഇംപീച്ച്മെന്റ് കാട്ടി ഭീഷണിപ്പെടുത്തുകയാണെന്നും പ്രതികരിച്ചു.

 മാദ്ധ്യമങ്ങളുണ്ടാക്കിയ വിവാദം

ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ്, അഭയ് എസ്.ഓക എന്നിവരടങ്ങിയ കൊളീജിയം ആദ്യം ജഡ്‌ജിക്ക് പറയാനുള്ളത് കേട്ടു. സ്വാഭാവിക നീതിയെന്ന നിലയിലായിരുന്നു നടപടി. മാദ്ധ്യമങ്ങൾ തന്റെ പ്രസംഗത്തിലെ ചില ഭാഗം മാത്രം തിരഞ്ഞെടുത്ത് അനാവശ്യ വിവാദമുണ്ടാക്കുകയായിരുന്നുവെന്ന് ജഡ്‌ജി വിശദീകരിച്ചു. എന്നാൽ, വിശദീകരണത്തിൽ കൊളീജിയം തൃപ്‌തരായില്ല. വിഷയത്തിൽ നേരത്തെ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് സുപ്രീംകോടതി റിപ്പോർട്ട് വാങ്ങിയിരുന്നു.