
ന്യൂഡൽഹി: ഭരണഘടനാ ശിൽപി ഡോ. ബി. ആർ അംബേദ്കറെക്കുറിച്ച് രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തിൽ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. ഇതേ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര് തുടരുന്നു. ഷായെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്കറുടെ പേര് ആവർത്തിച്ച് പറയുന്നത് ഇപ്പോൾ ഒരു ഫാഷനാണെന്നും, പകരം ദൈവത്തെ വിളിച്ചിരുന്നെങ്കിൽ സ്വർഗം ലഭിക്കുമായിരുന്നു എന്നുമാണ് പരാമർശം.
അംബേദ്കറെ അമിത് ഷാ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി രാഹുൽഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ തുടങ്ങിയവരുടെ നേതൃത്വത്തിൽ 'ഇന്ത്യ' മുന്നണി അംബേദ്കറുടെ ചിത്രവുമേന്തി പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. രാവിലെ രാജ്യസഭയിലും ലോക്സഭയിലും വിഷയം ഉയർത്തി 'ഇന്ത്യ'മുന്നണി. സർക്കാർ വിശദീകരണം തള്ളിയ പ്രതിപക്ഷ ബഹളത്തിൽ സഭകൾ സ്തംഭിച്ചു.മനുസ്മൃതിയെ പിന്തുടരുന്നവർക്ക് അംബേദ്കറെ അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ നേതാക്കളായ ഡെറിക് ഒബ്രെയ്ൻ തുടങ്ങിയവരും ഷായുടെ പ്രസ്താവനയെ അപലപിച്ചു.
ഇതിനിടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മോദി-ഷാ കൂടിക്കാഴ്ച.
പിന്നാലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം. വർഷങ്ങളോളം ചെയ്ത തെറ്റുകൾ നുണകൾ കൊണ്ട് മറയ്ക്കാൻ കഴിയുമെന്ന് കോൺഗ്രസ് ചിന്തിക്കുന്നുവെങ്കിൽ തെറ്റി. അംബേദ്കറെ തുടർച്ചയായി അപമാനിച്ചവർ പാരമ്പര്യം അവകാശപ്പെടേണ്ട. രണ്ടു
തവണ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചു. നെഹ്റു അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തി. ഭാരതരത്ന നിഷേധിച്ചു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഛായാചിത്രം വച്ചില്ലെന്നും
മോദി പറഞ്ഞു.
15 വർഷം കഴിഞ്ഞ് രാജി: അമിത് ഷാ
ഖാർഗെയെ സന്തോഷിപ്പിക്കാൻ വേണമെങ്കിൽ രാജി വയ്ക്കാം. പക്ഷേ 15 വർഷം അദ്ദേഹം ഇപ്പോൾ ഇരിക്കുന്ന സ്ഥലത്ത് (പ്രതിപക്ഷത്ത്) ഇരിക്കേണ്ടിവരും. രാജ്യസഭയിലെ പ്രസംഗം വളച്ചൊടിച്ചു. അംബേദ്കർ ആദർശങ്ങൾ പിന്തുടരുന്ന പാർട്ടിക്കാരനാണ്.
പുറത്ത് ഭരണ-പ്രതിപക്ഷ വാക്പോര് മൂക്കുന്നിതിനിടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള പാനൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ എന്നിവർ ഒരു മുറിയിൽ ഒന്നിച്ചിരുന്നു.