packet-oil

ന്യൂഡൽഹി : ചെറിയ പാക്കറ്റുകളിലെ വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായി കണക്കാക്കാൻ സുപ്രീംകോടതി ഇന്നലെ വിധിച്ചത് കേരളത്തിലെയും തമിഴ്നാട്ടിലെയും അടക്കം വ്യാപാരികൾക്കും നിർമ്മാണ-വിൽപ്പന കമ്പനികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസമായി. ചെറിയ ബോട്ടിലുകളിലും സാഷെകളിലും വിൽക്കുന്ന വെളിച്ചെണ്ണയ്ക്ക് ഇതോടെ ഭക്ഷ്യ എണ്ണയ്‌ക്കുള്ള അഞ്ചു ശതമാനം ജി.എസ്.ടി അടച്ചാൽ മതിയാകും. ചെറിയ പാക്കറ്റുകളിൽ വിൽക്കുന്ന വെളിച്ചെണ്ണയെ ഹെയർ ഓയിലായി കണക്കാക്കണമെന്ന കേന്ദ്രസർക്കാരിന്റെ വാദമാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാർ, ആർ. മഹാദേവൻ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് തള്ളിയത്. ഹെയർ ഓയിലിന് 18% ആണ് നികുതി. തലയിൽ തേയ്‌ക്കാനാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുള്ള ചെറിയ ബോട്ടിലുകളിലെ വെളിച്ചെണ്ണയെ ഹെയർ ഓയിലായി കണക്കാക്കാമെന്നും വ്യക്തത വരുത്തി.

അഞ്ച് മില്ലി മുതൽ 2 ലിറ്റർ വരെ

 5 മില്ലി മുതൽ 2 ലിറ്റർ വരെ പാക്കറ്റുകളിലാക്കി വിൽക്കുന്നത് സെൻട്രൽ എക്സൈസ് താരിഫ് നിയമം അനുസരിച്ച് ഭക്ഷ്യ എണ്ണയായി കണക്കാക്കണോ, ഹെയർ ഓയിലായി അംഗീകരിക്കണോ എന്ന വിഷയമാണ് സുപ്രീംകോടതി പരിഗണിച്ചത്.

 വ്യവസായികളും സെൻട്രൽ ബോർഡ് ഒഫ് എക്സൈസ് ആൻഡ് കസ്റ്റംസുമായുള്ള തർക്കത്തിൽ ചെറിയ പാക്കറ്റിലുള്ള വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായി കാണണമെന്ന് കസ്റ്റംസ്, എക്സൈസ് ആൻഡ് സർവീസ് ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണൽ 2009ൽ വിധിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചപ്പോൾ രണ്ടംഗ ബെഞ്ചിൽ ഭിന്നവിധിയുണ്ടായി. തുടർന്ന് മൂന്നംഗ ബെഞ്ചിലേക്ക് എത്തുകയായിരുന്നു.