d

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ലോക്‌സഭയിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനുള്ള ബില്ലുകൾ അവതരിപ്പിച്ചപ്പോൾ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‌കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിംഗ്, സി.ആർ. പാട്ടീൽ അടക്കം വിട്ടുനിന്നതിൽ ബി.ജെ.പിയിൽ അതൃപ്‌തി.

ബി.ജെ.പി വിപ്പു നൽകിയിട്ടും പ്രമുഖർ അടക്കം ഇരുപതോളം അംഗങ്ങളാണ് വിട്ടുനിന്നത്. ഇവർക്ക് നോട്ടീസ് നൽകുമെന്ന് നേതൃത്വം അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സഭയിൽ ഇല്ലായിരുന്നു. സോണിയാ ഗാന്ധിയുടെ സഹായി മാധവന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ തൃശൂരിൽ പോയതിനാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാൽ എം.പിയും എത്തിയിരുന്നില്ല.

ജെ.പി.സിയിൽ പ്രിയങ്കയും

ബി.ജെ.പി എംപി പി.പി. ചൗധരി അദ്ധ്യക്ഷനായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ പരിശോധിക്കാനുള്ള സംയുക്ത പാർലമെന്ററി സമിതിക്ക് രൂപം നൽകി. ലോക്‌സഭയിലെ 21 അംഗങ്ങളിൽ പ്രിയങ്കാ ഗാന്ധി, മനീഷ് തിവാരി, സുഖ്‌ദേവ് ഭഗത് എന്നീ കോൺഗ്രസ് എംപിമാരുണ്ട്. അനുരാഗ് സിംഗ് താക്കൂർ, സി.എം. രമേശ്, ബാൻസുരി സ്വരാജ്, പർഷോത്തം രുപാല, ഭർതൃഹരി മെഹ്‌താബ്, സംബിത് പാത്ര, വി.ഡി.റാം, അനിൽ ബലൂനി, വി.ഡി.ശർമ്മ എന്നീ ബി.ജെ.പി അംഗങ്ങളെയും ഉൾപ്പെടുത്തി. രാജ്യസഭയിൽ നിന്നുള്ള 10 അംഗങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.

മറ്റ് അംഗങ്ങൾ: കല്യാൺ ബാനർജി(തൃണമൂൽ), ധർമ്മേന്ദ്ര യാദവ്(എസ്.പി), സുപ്രിയാ സുലേ(എൻ.സി.പി-ശരദ്), സെൽവഗണപതി(ഡി.എം.കെ), ശ്രീകാന്ത് ഷിൻഡെ(ശിവസേന), ഹരീഷ് ബാലയോഗി(ടി.ഡി.പി), ചന്ദൻ ചൗഹാൻ(ആർ.എൽ.ഡി), ബാലാഷോറി ബല്ലബേനി(ജനസേന).