
ന്യൂഡൽഹി: മാസപ്പടി ആരോപണത്തിലെ അന്വേഷണറിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചെന്ന് എസ്.എഫ്.ഐ.ഒ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. കോർപറേറ്ര് കാര്യ മന്ത്രാലയത്തിനാണ് റിപ്പോർട്ട് കൈമാറിയത്. ഇ.ഡി, എസ്.എഫ്.ഐ.ഒ അന്വേഷണങ്ങൾ റദ്ദാക്കണമെന്ന സി.എം.ആർ.എല്ലിന്റെ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് എക്സാലോജിക്-സി.എം.ആർ.എൽ ഇടപാട് ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയായെന്ന് എസ്.എഫ്.ഐ.ഒ വ്യക്തമാക്കിയത്. തുടർനടപടികളിൽ കേന്ദ്രത്തിന്റെ നിലപാട് നിർണായകമാകും. അന്വേഷണറിപ്പോർട്ട് കേന്ദ്രം പരിശോധിച്ച് നിയമോപദേശം തേടുന്നതാണ് സാധാരണരീതി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെടെ 20 പേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് ഡിസംബർ രണ്ടിന് എസ്.എഫ്.ഐ.ഒ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്തംബർ ഒമ്പതിനാണ് വീണയുടെ മൊഴിയെടുത്തത്. അതേസമയം, ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും കരിമണൽ കമ്പനി പണം നൽകിയോയെന്ന് സംശയിക്കുന്നതായി എസ്.എഫ്.ഐ.ഒ ഇന്നലെ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. പ്രമുഖ വ്യക്തി കൈക്കൂലി വാങ്ങിയോയെന്നതും പരിശോധിക്കുന്നു. എക്സാലോജികിന് പണം നൽകുന്നുണ്ടെന്നും, എന്നാൽ പ്രത്യേക സേവനമൊന്നും പകരം നൽകുന്നില്ലെന്നും കമ്പനി ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ടെന്നും എസ്.എഫ്.ഐ.ഒ വ്യക്തമാക്കി. തുടർവാദം കേൾക്കാൻ ജസ്റ്റിസ് ചന്ദ്രധാരി സിംഗിന്റെ സിംഗിൾ ബെഞ്ച് വിഷയം 23ന് വീണ്ടും പരിഗണിക്കും.
മാസപ്പടി ആരോപണത്തിലെ എസ്.എഫ്.ഐ.ഒ അന്വേഷണം ചട്ടവിരുദ്ധമാണെന്ന് കരിമണൽ കമ്പനി ഡിസംബർ നാലിന് ഹൈക്കോടതിയിൽ വാദിച്ചിരുന്നു.