d

ന്യൂഡൽഹി: അതിർത്തിയിലെ സേനാ പിൻമാറ്റത്തിന് പിന്നാലെ വിവിധ തർക്ക വിഷയങ്ങളിൽ പരിഹാരം ചർച്ച ചെയ്‌ത് ഇന്ത്യയും ചൈനയും. ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കാൻ അതിർത്തി പ്രദേശങ്ങളിൽ സമാധാനം ഉറപ്പാക്കാൻ ഇരുപക്ഷവും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ബീജിംഗിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, വൈസ് പ്രസിഡന്റ് ഹാൻ ഷെങ് എന്നിവരുമായി നടത്തിയ നിർണായക ചർച്ചകളിലാണിത്.

2020ലെ പാഠങ്ങൾ ഉൾക്കൊണ്ട്, അതിർത്തി പ്രശ്നങ്ങൾ ഉഭയകക്ഷി ബന്ധത്തെ ബാധിക്കാതെ സമാധാനം ഉറപ്പാക്കും. അതിർത്തി ചർച്ചകളിൽ പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്ന നടപടികൾക്ക് തയാറാണെന്ന് ചൈനീസ് പക്ഷവും അറിയിച്ചു. അതിർത്തിയിൽ സമാധാനം നിലനിറുത്തുന്ന തരത്തിൽ നിയന്ത്രണങ്ങളും മറ്റ് നടപടികളും തുടരും.

അടുത്ത യോഗം ഇന്ത്യയിൽ

അതിർത്തി പ്രശ്‌നങ്ങൾ, ടിബറ്റ്, നദീതട സഹകരണം, നാഥുല അതിർത്തി വ്യാപാരം, അതിർത്തി കടന്നുള്ള ടൂറിസം, കൈലാസ് മാനസരോവർ യാത്ര തുടങ്ങിയവയാണ് മുഖ്യമായി ചർച്ച ചെയതത്. അഞ്ച് വർഷ ഇടവേളയ്ക്ക് ശേഷം നടക്കുന്ന പ്രത്യേക പ്രതിനിധി ചർച്ചയ്‌ക്കായാണ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം ബീജിംഗിൽ എത്തിയത്.

2019ൽ ഇന്ത്യയിലാണ് യോഗം നടന്നത്. 2020ലെ അതിർത്തി തർക്കങ്ങളെ തുടർന്ന് മുടങ്ങിയിരുന്നു. വാങ് യിയെ ഡോവൽ ഇന്ത്യയിലേക്ക് ക്ഷണിച്ചു. അടുത്ത യോഗം ഇന്ത്യയിൽ നടക്കുമെന്ന് ചൈന അറിയിച്ചു.