ന്യൂഡൽഹി: പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമായി അക്ഷീണം പ്രവർത്തിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃകയാണെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. ഡൽഹിയിലെ ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചാവറ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ ഡോ. റോബി കണ്ണഞ്ചിറ സി.എം.ഐ., ഡൽഹി അതിരൂപത സഹായമെത്രാൻ ബിഷപ്പ് ദീപക് വലേറിയൻ ടൗരോ, ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ എന്നിവർ പ്രസംഗിച്ചു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, കെ. രാധാകൃഷ്‌ണൻ, ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ്, സി.ബി.സി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ തുടങ്ങിയവർ പങ്കെടുത്തു.