 രണ്ട് ബി.ജെ.പി എം.പിമാർക്ക് പരിക്ക്

 രാഹുലിനെതിരെ പൊലീസിൽ പരാതി

 തള്ളിയിട്ടെന്ന് പരാതി നൽകി ഖാർഗെ

ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്‌കർ പരാമർശത്തെ തുടർന്നുള്ള പ്രതിഷേധം പാർലമെന്റിന് മുന്നിൽ ഭരണ-പ്രതിപക്ഷ എം.പിമാരുടെ കൈയാങ്കളിയിൽ കലാശിച്ചു. ഉന്തിലും തള്ളിലും ബി.ജെ.പി എം.പിമാരായ പ്രതാപ് ചന്ദ്ര സാരംഗിക്കും, മുകേഷ് രാജ്‌പുതിനും പരിക്കേറ്റു. രാഹുൽ തള്ളിയിട്ടതാണെന്ന് ബി.ജെ.പിയും, പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെയെ ബി.ജെ.പിക്കാർ തള്ളിയിട്ടെന്ന് കോൺഗ്രസും പൊലീസിൽ പരാതി നൽകി. രാഹുൽ ഗാന്ധി​ക്കെതി​രെ കേസെടുത്തു.

രാവിലെ 10.15ന് അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റ് വളപ്പിലെ അംബേദ്‌കർ പ്രതിമയ്‌ക്കു മുന്നിൽ ഇന്ത്യ മുന്നണി ധർണ നടത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. നേതാക്കൾ പുതിയ പാർലമെന്റിന്റെ പ്രവേശ കവാടത്തിന് മുന്നിലേക്ക് നീങ്ങി. 'കോൺഗ്രസ് അംബേദ്‌കറിനെ അപമാനിച്ചവർ' എന്ന പ്ളക്കാർഡുമേന്തി ബി.ജെ.പി എം.പിമാരുടെ ധർണയും ഇതേസമയമെത്തി.

ബി.ജെ.പിക്കാരെ വകഞ്ഞു മാറ്റി ഉള്ളിലേക്ക് പോകാനുള്ള ശ്രമത്തിനിടെ ഉന്തും തള്ളുമായി. കാൽതെറ്റി വീണ സാരംഗിയുടെ ഇടതു നെറ്റിക്ക് മുറിവേറ്റു. രാജ്‌പുതിനെ രാഹുൽ ഗാന്ധി തള്ളി തന്റെ ശരീരത്തിലേക്കിട്ടെന്ന് സാരംഗി ആരോപിച്ചു. പരിക്കേറ്റവരെ ആർ.എം.എൽ ആശുപത്രിയിലേക്ക് മാറ്റി. കോൺഗ്രസിലെ കെ.സി. വേണുഗോപാൽ, ഷാഫി പറമ്പിൽ, ഷെബി മേത്തർ തുടങ്ങിയവർ അരമതിലിൽ വലിഞ്ഞു കയറി മുദ്രാവാക്യം വിളിച്ചു. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും രണ്ടു മണിവരെ പിരിഞ്ഞു.

മാരത്തോൺ

പത്രസമ്മേളനം

 പാർലമെന്റ് കായിക ശേഷി കാണിക്കാനുള്ള വേദിയല്ലെന്നും രാഹുൽ മാപ്പു പറയണമെന്നും പാർലമെന്റ്കാര്യ മന്ത്രി കിരൺ റിജിജു

 അമിത് ഷായുടെ രാജി ആവശ്യപ്പെട്ടപ്പോൾ ശ്രദ്ധ തിരിക്കാൻ ശ്രമമെന്ന് രാഹുൽ. തന്നെ തള്ളിയിട്ട ശേഷം ഇങ്ങോട്ട് കുറ്റം ചുമത്തുന്നെന്ന് ഖാർഗെ

 രാഹുൽ ആദിവാസി വനിതാ എം.പിയെ അപമാനിച്ചത് പൊറുക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും ശിവ്‌രാജ് സിംഗും