
ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി ട്രെയിനി ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ഇരയുടെ മാതാപിതാക്കൾ വീണ്ടും നിയമപോരാട്ടത്തിലേക്ക്. സി.ബി.ഐയിൽ വിശ്വാസം നഷ്‌ടപ്പെട്ടെന്ന് വ്യക്തമാക്കിയും പുതുതായി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. 24ന് ഹൈക്കോടതി പരിഗണിച്ചേക്കും. ഹർജിയിൽ സി.ബി.ഐയെ കക്ഷിയാക്കാൻ മാതാപിതാക്കളുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. കൊൽക്കത്ത പൊലീസിന്റെ നിയന്ത്രണത്തിലുള്ള സിവിക് വോളന്റിയറായി പ്രവർത്തിച്ചിരുന്ന സഞ്ജയ് റോയ് ആണ് കേസിലെ മുഖ്യപ്രതി. ഇയാൾക്കെതിരെ കുറ്റപത്രവും സി.ബി.ഐ സമർപ്പിച്ചിരുന്നു. തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന് ആരോപിച്ച് കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, പൊലീസ് ഉദ്യോഗസ്ഥനായ അഭിജിത് മൊൻഡൽ എന്നിവരെ അറസ്റ്റ് ചെയ്‌തിരുന്നു. ഇരുവർക്കും പിന്നീട് ഈ കേസിൽ കൊൽക്കത്തയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.