d

ന്യൂ‌ഡൽഹി: പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയിൽ കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഇന്ന് 25-ാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില മോശമായി തുടരുന്ന ദല്ലേവാളിനോട് നേരിട്ടു സംസാരിക്കാമെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കി. അത് തങ്ങളുടെ ഭരണഘടനാ ഉത്തരവാദിത്വമാണെന്ന് ജസ്റ്രിസുമാരായ സൂര്യകാന്ത്,ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കോടതിയോട് നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്ന് ദല്ലേവാൾ ആഗ്രഹം പ്രകടിപ്പിച്ചതായി പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിംഗ് അറിയിച്ചു. അതിനു ബുദ്ധിമുട്ടില്ലെന്നും, നിരാഹാരം അവസാനിപ്പിക്കാൻ നിർബന്ധിക്കാതെ അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കൂയെന്നും സുപ്രീംകോടതി പ്രതികരിച്ചു. ദല്ലേവാൾ പറയുന്നത് പരിഗണിക്കുമെന്നും ഉറപ്പുനൽകി. ദല്ലേവാൾ നിരാഹാരം അനുഷ്‌ഠിക്കുന്ന സ്ഥലത്ത് താത്കാലിക ആശുപത്രി സജ്ജീകരിച്ചെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. ആശുപത്രിയിലേക്ക് മാറാൻ ദല്ലേവാൾ തയ്യാറാകുന്നില്ലെന്നും കൂട്ടിച്ചേർത്തു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.