
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഇന്നലെ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ആക്രോശിക്കുന്നതും അദ്ധ്യക്ഷൻമാർക്കു നേരെ കടലാസ് വലിച്ചു കീറി എറിയുന്നതുമെല്ലാം പതിവാണെങ്കിലും ഭരണ, പ്രതിപക്ഷാംഗങ്ങൾ നേർക്കുനേർ വന്ന് പ്രതിഷേധിക്കുന്നതും കൈയേറ്റമുണ്ടാകുന്നതും പാർലമെന്റ് ചരിത്രത്തിൽ അപൂർവം. രണ്ട് എം.പിമാർക്ക് കാര്യമായി പരിക്കേറ്റു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, സി.പി.ഐ അംഗം പി.സന്തോഷ് കുമാർ തുടങ്ങിയവർ ഉന്തിനും തള്ളിനുമിടെ മറിഞ്ഞു വീണു.
രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അംബേദ്കറെക്കുറിച്ച് നടത്തിയ പരാമർശം ഏറ്റുപിടിച്ച പ്രതിപക്ഷം ബുധനാഴ്ച നടത്തിയതിന്റെ തുടർച്ചയായാണ് ഇന്നലെ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചത്. അംബേദ്കറെ അപമാനിച്ചവരാണ് കോൺഗ്രസ് എന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷവും പ്രകടനം നടത്തി.
ഇരുപക്ഷവും നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിച്ചതോടെ പാർലമെന്റ് വളപ്പിൽ സംഘർഷാവസ്ഥയായി. പ്രതിഷേധത്തിനു ശേഷം പ്രവേശന കവാടമായ മകര ദ്വാറിലൂടെ എം.പിമാർ ഒന്നിച്ച് കടക്കാൻ ശ്രമിച്ചപ്പോഴാണ് ഉന്തുംതള്ളുമുണ്ടായത്. ബി.ജെ.പി എം.പിമാർ വഴി തടഞ്ഞതാണ് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു.
നെറ്റിക്ക് പരിക്കേറ്റ ബി.ജെ.പി എം.പി പ്രതാപ് സാരംഗി ആർ.എം.എൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബി.ജെ.പിയുടെ മുകേഷ് രാജ്പുതിന് തലയ്ക്ക് പരിക്കുണ്ടെന്ന് നേതാക്കൾ പറഞ്ഞു. രാജ്നാഥ് സിംഗ് അടക്കം മന്ത്രിമാരും നേതാക്കളും ആശുപത്രിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ചു. ഇന്നലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാർലമെന്റ് കവാടങ്ങൾക്ക് മുന്നിലെ സമരങ്ങൾ സ്പീക്കർ ഓം ബിർള വിലക്കി.
ശ്രദ്ധതിരിക്കാൻ
ശ്രമം: രാഹുൽ
അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് പാർലമെന്റ് വളപ്പിലെ ബഹളമെന്ന് രാഹുൽ ഗാന്ധി. ബി.ജെ.പി എം.പിമാരെ സഭാകവാടത്തിൽ തള്ളിയിട്ടെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളി. സമാധാനപരമായി പാർലമെന്റ് മന്ദിരത്തിലേക്ക് പോകാൻ തുടങ്ങവേ ബി.ജെ.പി. എം.പിമാർ കടക്കാൻ അനുവദിച്ചില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു.
അവരുടേത് അഹങ്കാരം:
കേന്ദ്രമന്ത്രിമാർ
വനിതാ എം.പിയെ അപമാനിച്ചതിനും രണ്ട് എം.പിമാരെ കൈയേറ്രം ചെയ്തതിനും മാപ്പു പറയാനാണ് രാഹുൽഗാന്ധി പത്രസമ്മേളനം വിളിച്ചതെന്നാണ് കരുതിയതെന്ന് കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും ശിവ്രാജ് സിംഗ് ചൗഹാനും പറഞ്ഞു. അവരുടെ അഹങ്കാരമാണ് പുറത്തുവന്നത്.
പി. സന്തോഷ് 
കുമാറിന്റെ പരാതി
പാർലമെന്റിന് മുന്നിൽ സമാധാനപരമായി പ്രകടനം നടത്തുന്നതിനിടെ ബി.ജെ.പി എം.പിമാർ പ്രകോപനപരമായി തടഞ്ഞെന്നും തള്ളി വീഴ്ത്തിയെന്നും ചൂണ്ടിക്കാട്ടി സി.പി.ഐ നേതാവ് പി. സന്തോഷ് കുമാർ രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ധീപ് ധൻകറിന് പരാതി നൽകി. ഇന്നലെ രാവിലത്തെ സംഘർഷത്തിനിടെ മറിഞ്ഞുവീണ സന്തോഷ് കുമാറിന് നേരിയ പരിക്കേറ്റിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. ഉന്തിനും തള്ളിനുമിടെ ആർ.ജെ.ഡി എം.പി പപ്പുയാദവിനെയും മറ്റും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷ് കുമാറിനെ തള്ളി വീഴ്ത്തിയത്.