k

ന്യൂഡൽഹി : പട്ടികവർഗ വിഭാഗത്തെയും ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഭരണഘടന നിലവിൽ വന്ന് 75 വർഷം കഴിഞ്ഞിട്ടും ആദിവാസി - ഗോത്ര പട്ടികവർഗ വിഭാഗങ്ങളിലെ സ്ത്രീകൾക്ക് പിതാവിന്റെ സ്വത്തിൽ അവകാശമില്ലാത്ത സാഹചര്യമാണ് ഇപ്പോഴും രാജ്യത്തുള്ളത്. പട്ടികവർഗ ഇതര വിഭാഗങ്ങളിലെ സ്ത്രീകൾക്ക് പിതാവിന്റെ സ്വത്തിൽ മകനൊപ്പം തുല്യഅവകാശം ലഭിക്കുമ്പോൾ,​ പട്ടികവർഗക്കാരായ പെൺമക്കൾക്ക് ഈ അവകാശം നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വമെന്ന മൗലികാവകാശത്തിന് എതിരാണ്. ഛത്തീസ്ഗഢിലെ സാവര ആദിവാസി വിഭാഗത്തിലെ സ്വത്തുതർക്കവുമായി ബന്ധപ്പെട്ട കേസ് സംബന്ധിച്ച ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

അവകാശം നിഷേധിക്കുന്നതിനു പിന്നിൽ പ്രത്യേക കാരണമൊന്നും കാണുന്നില്ല. സ്വത്ത് ഭാഗംവയ്‌ക്കുമ്പോൾ പട്ടികവർഗ വിഭാഗത്തിലെ ആൺമക്കൾക്കൊപ്പം പെൺമക്കൾക്കും തുല്യ വീതം ലഭിക്കണം. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഇടപെടേണ്ട സമയം അതിക്രമിച്ചെന്ന് ജസ്റ്റിസുമാരായ സി.ടി. രവികുമാർ,​ സഞ്ജയ് കരോൽ എന്നിവരടങ്ങിയ ബെ‌ഞ്ച് വ്യക്തമാക്കി. ആവശ്യമായ നിയമഭേദഗതി ആലോചിക്കണമെന്നും കോടതി പറഞ്ഞു.