
ന്യൂഡൽഹി: പക്ഷപാതപരമായ സമീപനമെന്ന ആരോപണത്തെത്തുടർന്ന് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറിനെതിരെ പ്രതിപക്ഷ എം.പിമാർ നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് രാജ്യസഭാ സെക്രട്ടേറിയറ്റ് തള്ളി. 14 ദിവസം മുൻകൂറായി നൽകണമെന്ന ചട്ടം പാലിച്ചില്ലെന്നും നോട്ടീസിൽ ധൻകറുടെ പേര് തെറ്റിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിക്കെതിരെ തെറ്റായ ആഖ്യാനം സൃഷ്ടിക്കുന്നതാണ് പ്രമേയമെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് ചൂണ്ടിക്കാട്ടി. രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ചെയർമാനെ മാറ്റാനുള്ള പ്രമേയത്തിനായി നോട്ടീസ് നൽകിയത്.
സോണിയാ ഗാന്ധിയും ശതകോടീശ്വരൻ ജോർജ്ജ് സോറോസും തമ്മിൽ ബന്ധമുണ്ടെന്ന ബി.ജെ.പി വാദത്തിന് അവസരം നൽകിയ അദ്ധ്യക്ഷൻ പക്ഷപാതപരമായ തീരുമാനമെടുക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. തുടർന്നാണ് തൃണമൂൽ അടക്കം 'ഇന്ത്യ" കക്ഷികളുടെ പിന്തുണയോടെ ഭരണഘടനയുടെ ആർട്ടിക്കിൾ 67 (ബി) പ്രകാരം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. 60 എം.പിമാർ ഒപ്പിട്ടു.
കർഷകന്റെ മകനായ തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നതിൽ വ്യക്തിപരമായി വേദനയുണ്ടെന്ന് ധൻകർ പറഞ്ഞിരുന്നു.