
ന്യൂഡൽഹി: ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐ.എൻ.എൽ.ഡി) അദ്ധ്യക്ഷനുമായ ഓം പ്രകാശ് ചൗത്താല അന്തരിച്ചു. 89 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഉച്ചതിരിഞ്ഞ് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് സിർസ ജില്ലയിലെ തേജ ഖേരയിൽ. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്‌ക്കും.
ഉപപ്രധാനമന്ത്രിയായിരുന്ന ചൗധരി ദേവിലാലിന്റെ മകനാണ്. ആർ.എൽ.ഡി നേതാക്കളായ അഭയ് സിംഗ്, അജയ് സിംഗ് എന്നിവരെക്കൂടാതെ മൂന്ന് പെൺമക്കളുമുണ്ട്. ഹരിയാന മുൻ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗത്താല, എം.എൽ.എയായ അർജുൻ ചൗത്താല എന്നിവർ ചെറുമക്കൾ.
ഒരു കാലത്ത് ഹരിയാന രാഷ്‌ട്രീയത്തെ നിയന്ത്രിച്ച ചൗത്താല കുടുംബത്തിലെ പ്രമുഖനായിരുന്നു ഓം പ്രകാശ്. അഞ്ച് തവണ ഹരിയാന മുഖ്യമന്ത്രിയായി. ഏഴു തവണ എം.എൽ.എയും.
2013ൽ റിക്രൂട്ട്‌മെന്റ് അഴിമതിക്കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായി. 2021 ജൂലായിലാണ് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തുടർന്ന് നിതീഷ്‌കുമാർ, എച്ച്.ഡി. ദേവഗൗഡ, മുലായം സിംഗ് യാദവ് എന്നിവർക്കൊപ്പം മൂന്നാം മൂന്നണി രൂപീകരിക്കാൻ ശ്രമം നടത്തിയിരുന്നു.