
ന്യൂഡൽഹി : ഡോ.ബി.ആർ. അംബേദ്കറിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം ഇന്നലെയും ഇരുസഭകളിലും പ്രതിഷേധമുയർത്തിയതോടെ പാർലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 'ഇന്ത്യാ' മുന്നണി എം.പിമാർ ജയ് ഭീം മുദ്രാവാക്യം മുഴക്കി. പാർലമെന്റ് വളപ്പിൽ പ്രകടനങ്ങൾ പാടില്ലെന്ന് ലോക്സഭാ സ്പീക്കർ നിർദ്ദേശം നൽകിയിരുന്നെങ്കിലും, പ്രതിപക്ഷ-ഭരണപക്ഷ എം.പിമാർ ഇന്നലെയും പ്രതിഷേധിച്ചു. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് വിജയ് ചൗക്കിൽ നിന്ന് പാർലമെന്റ് വരെ 'ഇന്ത്യാ' മുന്നണി എം.പിമാർ പ്രകടനം നടത്തി.
നവംബർ 25 മുതൽ ആരംഭിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ, ഭരണഘടന സംബന്ധിച്ചു മാത്രമാണ് കാര്യമായ ചർച്ച നടന്നത്. അദാനി, മണിപ്പൂർ, സംഭൽ, അംബേദ്കർ പരാമർശം തുടങ്ങിയ വിഷയങ്ങളിൽ തട്ടി പാർലമെന്റ് സ്തംഭിപ്പിച്ചു. ബി.ജെ.പി എം.പിമാരായ പ്രതാപ് സാരംഗി, മുകേഷ് രാജ്പുത് എന്നിവരെ പിടിച്ചുതള്ളി പരിക്കേൽപ്പിച്ചെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഇതിനിടെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു. അദാനി, അമിത് ഷായുടെ അംബേദ്കർ പരാമർശം എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
രാഹുലിനെതിരെ റിജിജു
ബി.ജെ.പി എം.പിമാരെ ശാരീരികമായി നേരിടുന്നത് രാഹുൽ ഗാന്ധിക്ക് ഒഴിവാക്കാമായിരുന്നുവെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രതികരിച്ചു. പ്രതിപക്ഷ ബഹളം കാരണം ശീതകാല സമ്മേളനത്തിലെ ഉത്പാദനക്ഷമത ശുഷ്കമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. തർക്കങ്ങളിൽ പാർലമെന്റിന്റെ സമയം പാഴായെന്ന് ശശി തരൂർ എം.പിയും പറഞ്ഞു. നാലു ബില്ലുകൾ ലോക്സഭയിലും,മൂന്നെണ്ണം രാജ്യസഭയിലും പാസായി.
ബാഗ് രാഷ്ട്രീയവും
ഡിസംബർ 10ന് 'മോദി അദാനി ഭായ് ഭായ്' എന്നെഴുതിയ ബാഗുമായാണ് പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയത്. 16ന് പാലസ്തീൻ ജനതയ്ക്കും, 17ന് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ചുമുള്ള ബാഗുമായി എത്തി. 1984ലെ സിഖ് വിരുദ്ധ കലാപം ഓർമ്മിപ്പിക്കുന്ന ബാഗ് ഇന്നലെ പ്രിയങ്കയ്ക്ക് കൈമാറിയാണ് ബി.ജെ.പി മറുപടി നൽകിയത്. ബി.ജെ.പി എം.പി അപരാജിത സാരംഗി പാർലമെന്റ് കോറിഡോറിൽ പ്രിയങ്കയ്ക്ക് ബാഗ് സമ്മാനിക്കുകയായിരുന്നു.
ജെ.പി.സിയിൽ കെ. രാധാകൃഷ്ണനും
പ്രതീക്ഷിച്ചതു പോലെ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് (ജെ.പി.സി) വിട്ടു. ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് നടപടിയെടുത്തത്. ലോക്സഭയിലെ 27ഉം, രാജ്യസഭയിലെ 12ഉം അംഗങ്ങൾ അടങ്ങുന്ന ജെ.പി.സി ബിൽ പരിശോധിച്ച് സ്പീക്കർക്ക് ശുപാർശകൾ സമർപ്പിക്കുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. കേരളത്തിൽ നിന്ന് പ്രിയങ്ക ഗാന്ധിയും,സി.പി.എമ്മിലെ കെ. രാധാകൃഷ്ണനും അംഗങ്ങളാണ്. ഡിസംബർ 17ന് കേന്ദ്ര നിയമമന്ത്രി ലോക്സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം വലിയ പ്രതിഷേധമുയർത്തിയിരുന്നു. എന്നാൽ, സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുന്നതല്ല നിയമമെന്ന് കേന്ദ്രം വിശദീകരിച്ചു.