
ന്യൂഡൽഹി : പഞ്ചാബ് - ഹരിയാന അതിർത്തിയായ ഖനൗരിയിൽ അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന കർഷക നേതാവ് 70കാരൻ ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യം പഞ്ചാബ് സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് സുപ്രീംകോടതി. നിരാഹാര സമരം ഇന്ന് 26-ാം ദിവസത്തിലേക്ക് കടന്നു. ദല്ലേവാളിന്റെ ആരോഗ്യനില വഷളാകാതെ നോക്കണം. ആവശ്യമെങ്കിൽ മേഖലയിൽ സ്ഥാപിച്ച താത്കാലിക ആശുപത്രിയിലേക്ക് മാറ്റണം. സ്വീകരിച്ച നടപടികൾ വ്യക്തമാക്കി പഞ്ചാബ് ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമർപ്പിക്കണമെന്നും ജസ്റ്രിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ക്രിസ്മസ്-പുതുവർഷ അവധിക്കായി ഇന്നലെ അടച്ച സുപ്രീംകോടതി ഇനി ജനുവരി രണ്ടിനാണ് തുറക്കുന്നത്. അന്ന് വിഷയം വീണ്ടും പരിഗണിക്കും. ഇതിനിടയിൽ എന്തെങ്കിലും അത്യാവശ്യമുണ്ടായാൽ കോടതിയെ സമീപിക്കാവുന്നതാണെന്നും കൂട്ടിച്ചേർത്തു.
കേന്ദ്രം ഉടൻ ഇടപെടണം :രാഹുൽ
ദല്ലേവാളിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിരാഹാരം അവസാനിപ്പിക്കാൻ കർഷക നേതാവുമായി ചർച്ച നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടാൻ കർഷകർ നിരാഹാരം കിടക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടി.