gst

ന്യൂഡൽഹി: വ്യാപാര മേഖലയ്‌ക്ക് ഉൗർജ്ജം നൽകുന്നതും ചെറുകിട മേഖലയെ സഹായിക്കുന്നതുമായ തീരുമാനങ്ങൾ രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ചേർന്ന 55-ാം ജി.എസ്.ടി കൗൺസിൽ യോഗത്തിലുണ്ടായെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഓൺലെൻ സേവനങ്ങൾ സ്വീകരിക്കുന്ന വ്യക്തിയുടെ സംസ്ഥാനം ബില്ലിൽ രേഖപ്പെടുത്തണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യം ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചു. നിലവിൽ ബില്ലിൽ അത്തരം പരാമർശം ഇല്ലാത്തതിനാൽ ഉപഭോഗം നടക്കുന്ന സംസ്ഥാനത്തിന് നികുതി നഷ്ടം നേരിട്ടിരുന്നു.

കോമ്പോസിഷൻ സ്‌കീമിന് കീഴിലുള്ള വ്യാപാരികൾ രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തികളിൽ നിന്ന് കെട്ടിടം വാടകയ്‌ക്ക് എടുക്കുമ്പോൾ നൽകേണ്ടിയിരുന്ന റിവേഴ്സ് ചാർജ്ജ് അടിസ്ഥാനത്തിൽ നൽകിയിരുന്ന ജി.എസ്.ടി ഒഴിവാക്കി. ഇത് അധികബാദ്ധ്യതയാണെന്ന് വ്യാപാരികൾ പരാതിപ്പെട്ടിരുന്നതായി ബാലഗോപാൽ അറിയിച്ചു.

ഐ.ജി.എസ്.ടി സെറ്റിൽമെന്റ് കൃത്യമാക്കണമെന്ന ഉദ്യോഗസ്ഥരുടെ സമിതി ശുപാർശ നടപ്പാക്കും. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് ജി.എസ്.ടി ബാധകമാക്കിയാൽ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാകുമെന്ന് കേരളം ചൂണ്ടിക്കാട്ടി.

2018ലെ വെള്ളപ്പൊക്കത്തിൽ കേരളത്തിന് അനുവദിച്ചതുപോലെ സെസ് പിരിക്കാൻ അനുവദിക്കണമെന്ന് യോഗത്തിൽ ആന്ധ്രാപ്രദേശ് ആവശ്യപ്പെട്ടു. ആവശ്യത്തെ കേരളം പിന്താങ്ങി. എന്നാൽ പശ്‌ചിമ ബംഗാൾ, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും സെസിനായി ആവശ്യപ്പെട്ടതിനാൽ തീരുമാനം മന്ത്രിസഭാ ഉപസമിതിക്ക് എടുക്കാമെന്ന് യോഗത്തിൽ നിർദ്ദേശമുയർന്നു. കേരളത്തിന് അനുവദിച്ച സമയത്ത് പ്രളയ സെസ് കീഴ്‌വഴക്കമാക്കുന്നതിന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു.