d

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേ‌ജ്‌രിവാളിനെതിരെയുള്ള പ്രസ്താവനയിൽ

മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കനെതിരെ നടപടി ആവശ്യപ്പെട്ട് ആം ആദ്‌മി. മാക്കൻ അടക്കം കോൺഗ്രസുകാർക്ക് ബി.ജെ.പിയുടെ ഭാഷയാണെന്നും നടപടിയെടുത്തില്ലെങ്കിൽ 'ഇന്ത്യ" മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ആം ആദ്മി വ്യക്തമാക്കി. നടപടിയെടുക്കാൻ 24 മണിക്കൂർ അന്ത്യശാസനം നൽകി. ഇല്ലെങ്കിൽ കോൺഗ്രസിനെ 'ഇന്ത്യ" ബ്ലോക്കിൽ നിന്ന് പുറത്താക്കാൻ ആഹ്വാനം ചെയ്യും. കേജ്‌രിവാളിനെ അജയ് മാക്കൻ ദേശദ്രോഹി എന്നു വിളിച്ചതാണ് പുതിയ തർക്കത്തിന് ആധാരം.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനുള്ള പ്രവൃത്തിയിലാണ് കോൺഗ്രസെന്ന് ആം ആദ്‌മി നേതാവും മുഖ്യമന്ത്രിയുമായ അതിഷിയും എം.പി സഞ്ജയ് സിംഗും പറഞ്ഞു. അജയ്‌മാക്കൻ സംസാരിക്കുന്നത് ബി.ജെ.പിയുടെ തിരക്കഥ പ്രകാരമാണ്. മാക്കൻ ഏതെങ്കിലും ബി.ജെ.പി നേതാവിനെ ദേശവിരുദ്ധനെന്ന് വിളിച്ചിട്ടുണ്ടോ. ഹരിയാനയിൽ സഖ്യമുണ്ടായില്ലെങ്കിലും തിരഞ്ഞെടുപ്പിൽ അനാവശ്യമായി ഒരു വാക്കുപോലും കോൺഗ്രസിനെതിരെ തങ്ങൾ പ്രയോഗിച്ചിട്ടില്ലെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. ന്യൂഡൽഹി മണ്ഡലത്തിൽ കേജ്‌രിവാളിനെതിരെ മത്സരിക്കുന്ന സന്ദീപ് ദീക്ഷിത് ഉൾപ്പെടെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ബി.ജെ.പി ധനസഹായം നൽകുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് അതിഷി ആരോപിച്ചു.