ന്യൂഡൽഹി: ക്രിസ്‌മസ് പ്രമാണിച്ച് വിവിധ റെയിൽവേ സോണുകളിലായി 10 പ്രത്യേക ട്രെയിനുകളും 149 പ്രത്യേക ട്രിപ്പുകളും പ്രഖ്യാപിച്ച് റെയിൽവേ. ശബരിമല തീർത്ഥാടകർക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചു. 23നും 30നും ചെന്നൈയിൽ നിന്ന് രാത്രി 11.20ന് തിരുവനന്തപുരം നോർത്തിലേക്കും 24നും 31നും രാത്രി 8.20ന് തിരികെ ചെന്നൈയിലേക്കും സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. 23ന് രാത്രി 11ന് ബംഗളൂരു എസ്.എം.ബി.ടി ടെർമിനലിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് തിരിക്കുന്ന സ്പെഷ്യൽ ട്രെയിൻ 24ന് വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് വൈകിട്ട് 5.55ന് ബംഗളൂരുവിലേക്ക് പോകും. 23നും 30നും തിരുവനന്തപുരം നോർത്തിൽ നിന്ന് രാത്രി 8.20ന് മംഗളൂരുവിലേക്കും 24നും 31നും രാത്രി 8.10ന് മംഗളൂരുവിൽ നിന്ന് തിരിച്ചും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.