
ന്യൂഡൽഹി: കുവൈറ്റും ഇന്ത്യയും ഒരേ കടൽ പങ്കിടുന്നു. അതിലൂടെ സ്നേഹവും വ്യാപാരവും കൈമാറ്റം ചെയ്യുന്നു - രണ്ടു ദിവസത്തെ കുവൈറ്റ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കുവൈറ്റുമായി ഇന്ത്യയ്‌ക്കുള്ള നൂറ്റാണ്ടുകളുടെ വ്യാപാരബന്ധവും ആധുനിക കാലത്തെ പുനർനിർമ്മിതിയിലെ പങ്കാളിത്തവും നിർണായകമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പ്രവാസി ഇന്ത്യക്കാർക്കായി ഷെയ്ഖ് സാദ് അൽ അബ്ദുല്ല സ്‌പോർട്‌സ് കോംപ്ലക്‌സിൽ സംഘടിപ്പിച്ച 'ഹാലോ മോദി' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.
കുവൈറ്റി വ്യാപാരികൾ ഗുജറാത്തി പഠിച്ച് പുസ്തകങ്ങൾ എഴുതി. ലോകപ്രശസ്തമായ കുവൈറ്റി മുത്തുകൾ ഇന്ത്യൻ വിപണികളിലെത്തി. പകരം ഇന്ത്യൻ ചായ, മസാല, തുണി, അരി തുടങ്ങിയവ കുവൈറ്റിലുമെത്തി. ഇന്ന് കുവൈറ്റ് ഒരു 'മിനി-ഹിന്ദുസ്ഥാൻ' പോലെയാണ്. കുവൈറ്റ് സർക്കാരും പൗരൻമാരും ഇന്ത്യക്കാരെ വളരെയധികം ബഹുമാനിക്കുന്നു. അത് ഇന്ത്യക്കാരുടെ കഴിവുമൂലമാണ്. കുവൈറ്റ് അടക്കം രാജ്യങ്ങൾക്ക് ഇന്ത്യ നൈപുണ്യ ശക്തിയും സാങ്കേതികവിദ്യയും മനുഷ്യശക്തിയും നൽകുന്നു. കുവൈറ്റിൽ യു.പി.ഐ ഇടപാട് കരാർ ഉണ്ടാക്കുന്നത് സൂചിപ്പിച്ച പ്രധാനമന്ത്രി ടീസ്റ്റാളിൽ ചായ വാങ്ങാൻ പോലും യു.പി.എ ഇടപാടുകൾ നടക്കുന്ന തരത്തിൽ ഇന്ത്യ സ്‌മാർട്ട് ആയെന്നും ചൂണ്ടിക്കാട്ടി. കൊവിഡ് മഹാമാരി സമയത്ത് കുവൈറ്റ് ദ്രാവക ഓക്‌സിജൻ നൽകിയതിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
നാലുമണിക്കൂർ യാത്രയ്ക്ക് 43 വർഷം
കുവൈറ്റിലേക്ക് വെറും നാലുമണിക്കൂർ യാത്രയേ ഉള്ളൂവെങ്കിലും ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവിടെ സന്ദർശിച്ചത് 43 വർഷം മുമ്പാണ്. ഉത്സവ സീസൺ ആയതിനാൽ കുവൈറ്റി സുഹൃത്തുക്കൾക്കൊപ്പം പ്രവാസികൾ ഇന്ത്യ സന്ദർശിക്കണമെന്ന് മോദി അഭ്യർത്ഥിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്‌മള സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിൽ കുവൈറ്റ് പ്രതിരോധ,ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ചടങ്ങിൽ കഥകളി അടക്കം ഇന്ത്യൻ കലാരൂപങ്ങളുടെ അവതരണവും മോദി വീക്ഷിച്ചു. രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവർത്തനം ചെയ്‌ത അബ്ദുല്ല അൽ ബറൂണിനെയും അബ്ദുൾ ലത്തീഫ് അൽ നെസെഫിനെയും പ്രധാനമന്ത്രി സന്ദർശിച്ചു.