
ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരിൽ സാമൂഹ മാദ്ധ്യമങ്ങളിൽ പണം തട്ടിപ്പ് വർദ്ധിക്കുന്നു,ജാഗ്രത പാലിക്കണമെന്നും സംശയം തോന്നിയാൽ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു.
പഞ്ചാബ്, മണിപ്പൂർ, അസാം മുഖ്യമന്ത്രിമാരുടെ ഒ.എസ്.ഡി, പഴ്‌സണൽ സ്റ്റാഫ് തുടങ്ങിയവരുടെ പേരിൽ വ്യാജന്മാർ ബംഗാൾ ഗവർണറുമായി ബന്ധമുള്ള പലരെയും ഫോണിൽ വിളിച്ചും നേരിട്ടും തട്ടിപ്പിന് ശ്രമിക്കുന്നതായി പരാതി ലഭിച്ചു. പൊലീസിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇടയ്ക്ക് തട്ടിപ്പ് കുറഞ്ഞെങ്കിലും വീണ്ടും തുടങ്ങിയെന്നാണ് വിവരം. ഇക്കാര്യത്തിൽ അഭ്യുദയകാംക്ഷികൾ ജാഗ്രതപാലിക്കണമെന്ന് രാജ്ഭവൻ മുന്നറിയിപ്പ് നൽകി.