
ന്യൂഡൽഹി: റിപ്പബ്ളിക് ദിന പരേഡിൽ ഡൽഹിയുടെ നിശ്ചല ദൃശ്യം തള്ളിയതിനെ വിമർശിച്ച് ആം ആദ്മി പാർട്ടി. കേന്ദ്രസർക്കാരിന് ഡൽഹിയോട് ഇത്ര വെറുപ്പ് എന്തിനെന്ന് മുൻ മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. തുടർച്ചയായ നാലാം വർഷമാണ് ഡൽഹിയെ അവഗണിക്കുന്നത്. കേരളത്തിനും ഇക്കുറി അവസരമില്ല. 15 സംസ്ഥാനങ്ങളുടെ നിശ്‌ചല ദൃശ്യങ്ങളാണ് തിരഞ്ഞെടുത്തത്.
മോദി സർക്കാർ തലസ്ഥാനത്തെ അവഗണിക്കുകയാണെന്ന് കേജ്‌രിവാൾ ചൂണ്ടിക്കാട്ടി. എന്തു കൊണ്ടാണ് ഡൽഹി വർഷങ്ങളായി ഒഴിവാക്കപ്പെടുന്നത്. എന്തൊരു രാഷ്ട്രീയമാണിത്? അവർ ഡൽഹിയിലെ ജനങ്ങളെ ഇത്രയധികം വെറുക്കുന്നുണ്ടോ?. ബി.ജെ.പിക്ക് വോട്ടു ചെയ്യണമോയെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും കേജ്‌രിവാൾ പറഞ്ഞു.മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതു കൊണ്ടാണ് ഡൽഹിയുടെ നിശ്ചല ദൃശ്യം തള്ളിയതെന്ന് റിപ്പബ്ളിക് പരേഡ് ചുതമലയുള്ള പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും വ്യക്തമായ മാനദണ്ഡങ്ങളുള്ളതുമാണ്. രണ്ട് പതിറ്റാണ്ടിനിടെ ഡൽഹിക്ക് ഏഴ് തവണ അവസരം ലഭിച്ചിട്ടുണ്ട്.