f

ന്യൂഡൽഹി: യു.എസ് കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിയുടെ പശ്‌ചാത്തലത്തിൽ ചാര സോഫ്‌റ്റ്‌വെയർ പെഗാസസിനെതിരെ ഇന്ത്യയിൽ ഉയർന്ന ആരോപണങ്ങൾ സുപ്രീംകോടതി വീണ്ടും അന്വേഷിക്കണമെന്ന് കോൺഗ്രസ്. വാട്ട്‌സ്ആപ്പിലെ പിഴവ് മുതലെടുത്ത് പെഗാസസ് ഇൻസ്റ്റാൾ ചെയ്‌തെന്ന് കണ്ടെത്തിയ യു.എസ് കോടതി നഷ്‌ടപരിഹാരം നിർണയിക്കാൻ വിധിച്ചിരുന്നു. വിധി പെഗാസസ് വഴി 300 ഇന്ത്യൻ വാട്ട്‌സ്ആപ്പ് നമ്പറുകൾ എങ്ങനെയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കുന്നു എന്ന് കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ രൺദീപ് സുർജേവാല പറഞ്ഞു. 300 പേരുകൾ സമർപ്പിക്കാൻ സുപ്രീംകോടതി മെറ്റയോട് (വാട്ട്‌സ്ആപ്പ് ഉടമ) നിർദ്ദേശിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. പെഗാസസ് വഴി ലക്ഷ്യമിട്ട 300 പേരുകൾ കേന്ദ്രസർക്കാർ വെളിപ്പെടുത്തേണ്ട സമയമാണിത്. രണ്ട് കേന്ദ്രമന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഭരണഘടനാ പദവിയിലിരുന്നയാൾ, മാദ്ധ്യമപ്രവർത്തകർ, ബിസിനസുകാർ തുടങ്ങിയവരുടെ പേരുകൾ വെളിപ്പെടുത്തണം. അവരിൽ നിന്ന് ബി.ജെ.പി സർക്കാരും ഏജൻസികളും എന്ത് വിവരങ്ങളാണ് വീണ്ടെടുത്തത്, അത് എങ്ങനെ ഉപയോഗിച്ചു, ദുരുപയോഗം ചെയ്തു, അതിന്റെ അനന്തരഫലമെന്ത് തുടങ്ങിയ വിവരങ്ങൾ പുറത്തുവരണമെന്നും സുർജേവാല ആവശ്യപ്പെട്ടു.


2021ൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബി.ജെ.പി നേതാക്കളായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേൽ, തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോർ തുടങ്ങിയവർ അടക്കം ആയിരക്കണക്കിന് ആളുകളുടെ ഫോണുകളിൽ പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്‌തെന്നായിരുന്നു ആരോപണം. സുപ്രീംകോടതി, നിയോഗിച്ച പ്രത്യേക സമിതി ആരോപണം അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.