
ന്യൂഡൽഹി: സ്നേഹവും സൗഹാർദ്ദവും സാഹോദര്യവും ഉപദേശിച്ച യേശു ക്രിസ്തുവിന്റെ സന്ദേശങ്ങൾ അവഗണിച്ച് സമൂഹത്തിൽ അസഹിഷ്ണുതയും അക്രമവും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നിരാശാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ന്യൂഡൽഹി കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജർമ്മനിയിലെ മാഗ്ഡെബർഗ് ക്രിസ്മസ് മാർക്കറ്റിലെ ഏഴ് ഇന്ത്യക്കാർക്ക് പരിക്കേറ്റ അക്രമത്തെ അപലപിച്ചുകൊണ്ടാണ് മോദി തുടങ്ങിയത്. യേശുവിന്റെ സന്ദേശങ്ങൾ പിന്തുടരാനും സമൂഹത്ത ശക്തമാക്കാനും ഒരുമിച്ച് പ്രവർത്തിക്കണം. വിദേശനയത്തിൽ ഇന്ത്യ ദേശീയതാൽപര്യത്തിനും മനുഷ്യതാത്പര്യത്തിനും മുൻഗണന നൽകുന്നു.
യേശുക്രിസ്തു കാണിച്ച അനുകമ്പയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും മാതൃകയിലാണ് രാജ്യം 'സബ്കാ സത്, സബ്കാ വികാസ്, സബ്ക പ്രയാസ്' എന്ന നയം.
സി.ബി.സി.ഐ ആസ്ഥാനത്തെക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സൗഹൃദം പങ്കുവച്ചത് നിരവധി മതമേലദ്ധ്യക്ഷൻമാർ. കഴിഞ്ഞ ദിവസം കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ നടത്തിയ ക്രിസ്മസ് വിരുന്നിൽ പ്രധാനമന്ത്രി പങ്കെടുത്തപ്പോഴും മതപുരോഹിതരുടെ സാന്നിധ്യമുണ്ടായിരുന്നു.
സി.ബി.സി.ഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച ആഘോഷത്തിൽ കർദ്ദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോർജ് ആലഞ്ചേരി, മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാർ ജോർജ് കൂവക്കാട്, ഡോ.ആന്റണി പൂള, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തുടങ്ങിയവർക്കൊപ്പം മെത്രാപ്പോലീത്തമാർ, മെത്രാന്മാർ, വിവിധ സന്യസ്ത സഭ പ്രതിനിധികൾ, ഇതര ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്തു. ഇവരോടെല്ലാം പ്രധാനമന്ത്രി കുശലാന്വേഷണം നടത്തി.
സി.ബി.സി.ഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ മാർ അനിൽ തോമസ് കൂട്ടോ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. ആർച്ച് ബിഷപ്പ് ജോർജ് ആന്റണിസാമി പൊന്നാട അണിയിച്ചു. ബത്തേരി രൂപത ബിഷപ്പ് ജോസഫ് മാർ തോമസ് ഉപഹാരം നൽകി.
കേന്ദ്ര സഹമന്ത്രിജോർജ് കുര്യൻ, മുൻ കേന്ദ്ര മന്ത്രിമാരായ രാജീവ്ചന്ദ്ര ശേഖർ, അൽഫോൺസ് കണ്ണന്താനം എന്നിവർ പങ്കെടുത്തു. കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, ബി.ജെ.പി നേതാക്കളായ അനിൽ ആന്റണി, അഡ്വ. ഷോൺ ജോർജ്ജ്, ടോം വടക്കൻ എന്നിവരും പങ്കെടുത്തു.