
ന്യൂഡൽഹി: റിക്രൂട്ട്മെന്റ് മാത്രമാണ് പി.എസ്.സിക്കുള്ള അധികാരമെന്ന് സുപ്രീംകോടതി. ഒഴിവുകൾ തീരുമാനിക്കുന്നതും നിയമനവുമടക്കമുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്നും കോടതി വ്യക്തമാക്കി.
പുതിയ ഒഴിവുകൾ നികത്താൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് സംസ്ഥാന സർക്കാർ പി.എസ്.സിയോട് നിർദ്ദേശിച്ചിരുന്നു. എന്നാലിത് പി.എസ്.സി തള്ളി. പി.എസ്.സിയുടെ തീരുമാനം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളടക്കമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാരാണ് തൊഴിലുടമ. അതിനാൽ ഏതു തസ്‌തികയിൽ എത്ര ഒഴിവുണ്ടെന്നും എത്രയെണ്ണം നികത്തണമെന്നും നിശ്ചയിക്കാനുള്ള പ്രത്യേകാവകാശം സർക്കാരിനാണ്. ഇക്കാര്യം മനസിലാക്കാൻ ഹൈക്കോടതിക്ക് സാധിച്ചില്ല. അതിനാലാണ് പി.എസ്.സിക്ക് അനുകൂലമായ നിലപാട് ഹൈക്കോടതി സ്വീകരിച്ചതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
റിക്രൂട്ടിംഗിന് സഹായിക്കുകയും സുഗമമാക്കുകയുമാണ് പി.എസ്.സിയുടെ പ്രാഥമിക ചുമതലയെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഓർമ്മപ്പെടുത്തി. ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് നിന്ന് പ്രവർത്തിക്കേണ്ട സ്വയംഭരണസ്ഥാപനമാണ് പി.എസ്.സി കോടതി പറഞ്ഞു.
പി.എസ്.സി നിലപാടിന് യുക്തിയില്ല
മുനിസിപ്പൽ കോമൺ സർവീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റ് 2020ലാണ് നിലവിൽ വന്നത്. 2023 ഫെബ്രുവരി വരെ കാലാവധിയുണ്ടായിരുന്നു. ഇതിനിടെ പല കാരണങ്ങളാൽ കൂടുതൽ ഒഴിവുകളുണ്ടായി. ഇതേത്തുടർന്നാണ് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ സർക്കാർ നിർദ്ദേശിച്ചത്. സർക്കാർ നടപടി പ്രത്യേക സാഹചര്യത്തിലെടുത്ത തീരുമാനമാണ്. അതിനോട് പി.എസ്.സി മുഖം തിരിച്ചത് യുക്തിക്ക് നിരക്കാത്തതും അതിരു കടന്നതുമായിപ്പോയി. 2014ലെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണം. സർക്കാർ കണ്ടെത്തിയ പുതിയ ഒഴിവുകളും കണക്കിലെടുത്ത് റിക്രൂട്ട്മെന്റ് നടത്തണം-സുപ്രീംകോടതി ഉത്തരവിട്ടു.