
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിലൂടെ അഴിമതി ആരോപണം നേരിടുന്ന സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ) മേധാവി മാധവി പുരി ബുച്ച് ജനുവരി 28ന് നേരിട്ട് ഹാജരാകണമെന്ന് ലോക്പാൽ നിർദ്ദേശിച്ചു. തൃണമൂൽ കോൺഗ്രസ് എം.പിയായ മഹുവ മൊയിത്ര അടക്കം ഹർജിക്കാരും അന്ന് നേരിട്ടെത്തണം. ആരോപണവിധേയക്കും ഹർജിക്കാർക്കും നോട്ടീസ് അയക്കാൻ ജസ്റ്റിസ് എ.എ. ഖാൻവിൽക്കർ നേതൃത്വം നൽകുന്ന ലോക്പാൽ നിർദ്ദേശം നൽകി. മാധബി പുരി ബുച്ച് നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് പറയുന്ന വിദേശത്തെ നിഴൽകമ്പനികളിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും ഓഹരിയുണ്ടെന്നാണ് ഹിൻഡൻബർഗ് റിസർച്ചിന്റെ വെളിപ്പെടുത്തൽ. ആരോപണങ്ങൾ സെബി മേധാവി നിഷേധിച്ചിരുന്നു.